സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി വേനൽമഴ. വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നാളെ മുതലാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിരുന്നതെങ്കിലും ഒരു ദിവസം വൈകിയാണ് വേനൽമഴ എത്തുന്നത്. വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റും ശക്തമായ ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാൽ മലയോര മേഖലയിൽ ഉൾപ്പടെയുള്ളവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഉയർന്ന താപനിലയാണുള്ളത്. വയനാട്, ഇടുക്കി ഒഴികെയുള്ള 12 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ വരാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ് സാധ്യത.
