സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വർധന. ഇന്നലെ മാത്രം 21 പേർക്ക് പാമ്പ് കടിയേറ്റു. എട്ട് പേർ കടിയേറ്റെന്ന സംശയത്തിലും ചികിത്സ തേടി. അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിൽ. പാമ്പുകടിയേറ്റ അഞ്ച് പേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. തിരുവനന്തപുരം ജില്ലയിൽ മൂന്ന് പേർക്ക് പാമ്പ് കടിയേറ്റു. പാലക്കാട്, വയനാട്, കോട്ടയം ജില്ലകളിൽ ഓരോരുത്തരെയും, ആലപ്പുഴ, കൊല്ലം, കണ്ണൂർ, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ രണ്ട് പേർ വീതവും പാമ്പുകടിയേറ്റു.
സംസ്ഥാനത്താകെ പാമ്പുകടിയേറ്റെന്ന സംശയത്തിൽ എട്ട് പേർ കൂടി ചികിത്സ തേടി.
കോഴിക്കോട് കാരശ്ശേരിയിൽ കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെ കയറിൽ കണ്ട വിഷപ്പാമ്പിനെ കണ്ട് വീട്ടമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശംഖുവരയൻ പാമ്പിനെ പിന്നീട് വനംവകുപ്പ് റെസ്ക്യൂ സംഘം എത്തി പിടികൂടി.
കേസുകൾ വർധിച്ചതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. താലൂക്ക് ആശുപത്രികൾ ഉൾപ്പെടെ ചികിത്സാ സംവിധാനങ്ങൾ ശക്തമാക്കി. എല്ലാ ആശുപത്രികളിലും ആന്റിവെനം ഉറപ്പാക്കാനും ഡോക്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കാനും നിർദ്ദേശം നൽകി.
