അമേരിക്കയുമായി നേരിട്ട് ചർച്ച ഇല്ലെന്ന നിലപാട് ആവർത്തിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ചയ്ക്ക്. മൂന്ന് ദിവസത്തിനിടെ രണ്ടാംവട്ടം പാകിസ്താൻ സന്ദർശനം നടത്തിയ ശേഷമാണ് അരാഗ്ചി ഇന്ന് മോസ്കോയിലേക്ക് തിരിച്ചത്. ഇറാനുമായി നേരിട്ടുള്ള ചർച്ചയുടെ ആവശ്യമില്ലെന്നും ഫോൺ വഴി ആശയവിനിമയം നടത്താമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
അരാഗ്ചിയുടെ യാത്രകളിലെ അപ്രതീക്ഷിത മാറ്റങ്ങൾ തുടരുകയാണ്. അമേരിക്ക ചർച്ചയ്ക്കായി കാത്തിരിക്കുമ്പോൾ ഇസ്ലാമാബാദിലെത്തി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് താൽപര്യമില്ലെന്ന് അറിയിക്കുകയും ഇറാന്റെ നിലപാടുകൾ പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന് കൈമാറുകയും ചെയ്തു. തുടർന്ന് ഒമാനിലേക്ക് പോയ അരാഗ്ചി, അവിടെ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ച് വീണ്ടും പാകിസ്താനിലേക്ക് മടങ്ങി അമേരിക്കയ്ക്ക് കൂടുതൽ സന്ദേശങ്ങൾ കൈമാറി.
ഇതിനിടെ അമേരിക്ക ചർച്ചാ സംവിധാനങ്ങൾ പിൻവലിക്കുകയും സുരക്ഷാ സംഘങ്ങളെ മടക്കി വിളിക്കുകയും ചെയ്തു. ചർച്ച വേണമെങ്കിൽ ഫോണിൽ നടത്താമെന്ന നിലപാടാണ് ട്രംപ് ആവർത്തിച്ചത്. തുടർന്ന് പാകിസ്താനിലൂടെ സന്ദേശങ്ങൾ കൈമാറിയ അരാഗ്ചി മോസ്കോയിലേക്ക് പോയി. അവിടെ പുടിനുമായി നിർണായക കൂടിക്കാഴ്ച നടക്കും.
ഇറാൻ അമേരിക്കയ്ക്ക് നൽകിയ സന്ദേശങ്ങളുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ചില നിർദേശങ്ങൾ ഉണ്ടെങ്കിലും തൃപ്തികരമല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാൻ ചില വിട്ടുവീഴ്ചകൾ കൂടി രണ്ടാം സന്ദർശനത്തിൽ ഇറാൻ കൈമാറി എന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ സൈന്യം തെക്കൻ ലബനനിൽ കനത്ത ആക്രമണം തുടരുകയാണ്. രണ്ടു കുട്ടികൾ അടക്കം 14 പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്. ഇസ്രായേൽ സൈനികർക്കു നേരെ ആക്രമണം നടത്തിയതായി ഹിസ്ബുള്ളയും അവകാശപ്പെട്ടു.
പുടിനുമായി അബ്ബാസ് അരാഗ്ചി കൂടിക്കാഴ്ചയ്ക്ക്; അമേരിക്കയുമായി നേരിട്ടുള്ള ചർച്ചയ്ക്ക് ഇറാൻ ഇല്ലെന്ന് നിലപാട്
