പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. നിരവധി കുട്ടികൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഇന്ന് രാവിലെ കർണസുബർണ റെയിൽവേ സ്റ്റേഷനും ഗോബിന്ദ്പുർ ലെവൽ ക്രോസിംഗിനും ഇടയിലുള്ള ആളില്ലാ റെയിൽവേ ക്രോസിംഗിലാണ് അപകടമുണ്ടായത്. കുട്ടികളുമായി സ്‌കൂളിലേക്ക് പോയിരുന്ന വാൻ റെയിൽപാത മുറിച്ചുകടക്കുന്നതിനിടെയാണ് ലോക്കൽ പാസഞ്ചർ ട്രെയിൻ ഇടിച്ചത്. ശക്തമായ ഇടിയുടെ ആഘാതത്തിൽ വാൻ പൂർണമായും തകർന്നു. അപകടത്തിന് പിന്നാലെ പ്രദേശവാസികൾ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പിന്നീട് റെയിൽവേയും പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും ചെയ്തു.
പരിക്കേറ്റ കുട്ടികളെയും ഡ്രൈവറെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരിൽ ചിലരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.അപകടത്തെ തുടർന്ന് ഏതാനും സമയത്തേക്ക് റെയിൽ ഗതാഗതം തടസ്സപ്പെട്ടു. ലെവൽ ക്രോസിംഗിൽ സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണോ അപകടത്തിന് കാരണമായതെന്നതടക്കമുള്ള കാര്യങ്ങൾ റെയിൽവേയും പൊലീസും പരിശോധിച്ചുവരികയാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
