ദലിത് യുവതിക്കെതിരായ പീഡനക്കേസിൽ പ്രതിയായ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെ പിടികൂടാതെ പൊലീസ്. പരാതിയിൽ കേസ് എടുത്ത് ഒരു മാസം പൂർത്തിയാകുമ്പോഴും പ്രതി ഒളിവിൽ തുടരുകയാണ്. അതേസമയം, പ്രശോഭിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പരാതിക്കാരിക്ക് നോട്ടീസയച്ചു.
കഴിഞ്ഞ മാസം 28നാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരെ കേസ് എടുത്തത്. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ദലിത് സ്ത്രീയെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് പരാതി. പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രശോഭ് ഒളിവിൽ പോയി. കേസ് എടുത്ത് ഒരുമാസം പിന്നിടുമ്പോഴും പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.
കോൺഗ്രസിൽ നിന്നും പൊലീസിൽ നിന്നും പ്രതിക്ക് സഹായം ലഭിക്കുന്നു എന്നാണ് ബിജെപിയുടെ ആരോപണം. പ്രതി നേരത്തെ മുൻകൂർ ജാമ്യം തേടി മണ്ണാർക്കാട് SC/ST കോടതിയെ സമീപിച്ചെങ്കിലും കോടതി അപേക്ഷ തള്ളിയിരുന്നു. ഇതിനിടെ പ്രശോഭിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിലെത്തി. പരാതിക്കാരിയുടെ ഭാഗം കൂടി കേൾക്കാനായി പരാതിക്കാരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മെയ് 5ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
