പി.എസ്.സി ക്രമക്കേട് കേസിൽ അന്വേഷണം ശക്തമാക്കി ആഭ്യന്തര വകുപ്പ്. ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലേക്ക് ഏഴ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി. നൂറുകണക്കിന് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. കൂടുതൽ ഉദ്യോഗാർഥികളുടെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് അംഗ സംഘത്തിലേക്കാണ് സാങ്കേതിക വിദഗ്ധരടക്കം ഏഴ് പേരെ കൂടി ഉൾപ്പെടുത്തിയത്. രണ്ട് വനിതാ ഉദ്യോഗസ്ഥരും പുതിയ സംഘത്തിലുണ്ട്. ഇതോടെ അന്വേഷണ സംഘത്തിലെ അംഗങ്ങളുടെ എണ്ണം പത്തായി.
സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന പരാതികളാണ് നിലവിൽ പ്രധാനമായും പരിശോധിക്കുന്നത്. കൂടുതൽ പരാതിക്കാർ രംഗത്തെത്തിയ സാഹചര്യത്തിലാണ് അന്വേഷണം വിപുലീകരിച്ചത്. മറ്റ് പരാതികളിലും അന്വേഷണം നടത്തുമെന്നും, മതിയായ തെളിവുകൾ ലഭിച്ചാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.
തെളിവ് ശേഖരണത്തിന്റെ ഭാഗമായി പി.എസ്.സിക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകിയിട്ടുണ്ട്. ചോദ്യപേപ്പർ, ഉത്തരസൂചിക, ഉദ്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവരുടെ വിവരങ്ങൾ, ഓൺസ്ക്രീൻ മാർക്കിങ്ങിന്റെ വിശദാംശങ്ങൾ എന്നിവ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളും പരിശോധിക്കും.അതേസമയം, ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരുടെ വിവരങ്ങൾ പി.എസ്.സി അന്വേഷണ സംഘത്തിന് കൈമാറില്ലെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ കൂടുതൽ പേരുടെ മൊഴി ഇന്ന് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
