ജാർഖണ്ഡിലെ ഗുംല ജില്ലയിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനുപകരം പഞ്ചായത്ത് ഒത്തുതീർപ്പ് നടത്തിയെന്ന് ആരോപണം. പ്രതിയിൽ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കി കേസ് ഒത്തുതീർപ്പാക്കിയതായും, തുടർന്ന് 20,000 രൂപ ചെലവഴിച്ച് ഗ്രാമത്തിൽ വിരുന്ന് സംഘടിപ്പിച്ചതായുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ജൂണിൽ ആയിരുന്നു സംഭവം. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ഗ്രാമ പഞ്ചായത്ത് യോഗം ചേരുകയും പൊലീസിൽ പരാതി നൽകാതെ പിഴ ഈടാക്കി പ്രതിയെ വിട്ടയക്കുകയായിരുന്നു.
സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തതായും ഒത്തുതീർപ്പിന് നേതൃത്വം നൽകിയ പഞ്ചായത്ത് അംഗങ്ങളുടെയും ഗ്രാമത്തിലെ മറ്റ് മുതിർന്നവരുടെയും പങ്ക് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
.
