സ്കൂൾ കെട്ടിടങ്ങൾക്ക് ഒരു വർഷത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ തസ്തിക നിർണയ ഉത്തരവ് നൽകേണ്ടതില്ലെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവാദ ഉത്തരവ് പിൻവലിച്ചു. അധ്യാപക സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനും വ്യാപക വിമർശനങ്ങൾക്കുമൊടുവിലാണ് സർക്കാർ തീരുമാനം.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്ത സ്കൂളുകളിൽ തസ്തിക നിർണയം നടത്താനാകില്ലെന്നും, ഇത്തരം സ്കൂളുകളിലെ അധ്യാപകർക്ക് ജൂലൈ 15 മുതൽ ശമ്പളം നൽകാനാവില്ലെന്നും, സീനിയോറിറ്റി അടിസ്ഥാനത്തിൽ മറ്റ് സ്കൂളുകളിലേക്ക് ക്രമീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളിൽ ക്ലാസുകൾ നടത്തരുതെന്ന നിർദേശവും ഉൾപ്പെടുത്തിയിരുന്നു.
അധ്യാപകരുടെ ശമ്പളത്തെയും സേവന സുരക്ഷയെയും ബാധിക്കുന്ന തരത്തിലുള്ള ഉത്തരവാണിതെന്ന് ചൂണ്ടിക്കാട്ടി വിവിധ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും അധ്യാപക സംഘടനകൾക്കൊപ്പം കെ.എസ്.ടി.എ ഉൾപ്പെടെയുള്ള സംഘടനകളും ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നറിയിപ്പ് നൽകിയിരുന്നു.
തുടർന്നാണ് ഉത്തരവ് റദ്ദാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. അതേസമയം, സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് വകുപ്പ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടുന്നതിനായി സ്കൂളുകൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങിയേക്കുമെന്നാണ് സൂചന.
