സംസ്ഥാനത്തെ 108 ആംബുലൻസ് സേവനത്തിനായുള്ള പുതിയ ടെണ്ടർ നടപടികളിൽ അനിശ്ചിതത്വം തുടരുന്നു.എമർജൻസി മെഡിക്കൽ ടെക്നീഷ്യന്റെ യോഗ്യതയിലാണ് കഴിഞ്ഞ സർക്കാർ ടെൻഡർ തയ്യാറാക്കിയത്. 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതലയുള്ള ജി വി കെ ഇ എം ആർ ഐ കമ്പനിയെ സഹായിക്കാനായിരുന്നു ഈ നീക്കം വിവാദമായതോടെ യുഡിഎഫ് സർക്കാർ ടെൻഡർ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന് അറിയിച്ചു.ഇതിനുമേൽ ഇനിയെന്ത് നടപടി സ്വീകരിക്കണമെന്ന് അറിയിക്കാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അടക്കം നൽകിയ കത്ത് ആരോഗ്യവകുപ്പിന്റെ പരിഗണയിൽ എത്തിയിട്ടും ഇതുവരെയും തിരുത്തൽ നടപടികൾ സ്വീകരിച്ചിട്ടില്ല.
പുതിയ ടെൻഡർ വ്യവസ്ഥ അനുസരിച്ച് പുതിയ വാഹനങ്ങൾ ഇറക്കണം. അതിനായി 204 വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ട് കമ്പനി.എന്നാൽ കേരളത്തിലെത്തിച്ച 204 പുതിയ ആംബുലൻസുകൾ രജിസ്ട്രേഷൻ നടപടികൾ പോലും ആരംഭിക്കാനാകാതെ വിവിധയിടങ്ങളിൽ നിർത്തിയിട്ടിരിക്കുകയാണ്. ടെണ്ടറിലെ അനിശ്ചിതത്വം നീങ്ങിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കാനാകൂ.
പുതിയ ടെണ്ടർ പ്രകാരം ആകെ 340 ആംബുലൻസുകൾ നിരത്തിലിറക്കേണ്ടതുണ്ട്. എന്നാൽ, എല്ലാ വാഹനങ്ങളും അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകളല്ല; ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകളായിരിക്കും പുതിയ സംവിധാനത്തിൽ ഉൾപ്പെടുക.
