ആരോഗ്യവകുപ്പിന്റെ ആദ്യ 50 ദിവസത്തെ പ്രവർത്തന റിപ്പോർട്ട് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പുറത്തിറക്കി.തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിലാണ് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചത്. ആരോഗ്യവകുപ്പിലെ ഒഴിവുകൾ ഇനി പി.എസ്.സി മുഖേന മാത്രം നികത്തുമെന്നും, ഹർഷീനയ്ക്ക് സർക്കാർ ജോലി നൽകിയതും മെഡിക്കൽ കോളജുകളിൽ രോഗികളെ നിലത്ത് കിടത്തുന്ന സാഹചര്യം ഒഴിവാക്കാൻ നടപടികൾ ആരംഭിച്ചതുമടക്കമുള്ള നേട്ടങ്ങളാണ് റിപ്പോർട്ടിൽ പ്രധാനമായി എടുത്തുപറയുന്നത്. രോഗികളുടെ എണ്ണത്തിന് അനുസരിച്ച് ഡോക്ടർമാരുടെ വിന്യാസം ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചില രോഗികളെ പുലയനാർകോട്ട ആശുപത്രിയിലേക്ക് മാറ്റിയതോടെ നിലത്ത് കിടത്തി ചികിത്സ നൽകുന്ന സാഹചര്യം ഒഴിവാക്കിയെന്നും, സമാന നടപടികൾ മറ്റ് ആശുപത്രികളിലും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തന്റെ കൂടെ സമയപരിധിയില്ലാതെ പ്രവർത്തിക്കേണ്ടി വരുമെന്ന നിർദ്ദേശം നൽകിയതിനാൽ പേഴ്സണൽ സ്റ്റാഫാകാൻ താൽപര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. പേഴ്സണൽ സ്റ്റാഫുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി.ആശുപത്രി ജീവനക്കാർക്കെതിരെ രോഗികളുടെ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ അറ്റൻഡർമാർക്കും സുരക്ഷാ ജീവനക്കാർക്കും കൗൺസിലിംഗ് നൽകുമെന്നും മന്ത്രി അറിയിച്ചു.പ്രോഗ്രസ് റിപ്പോർട്ട് പ്രകാശന ചടങ്ങിലേക്ക് ബിജെപി പ്രതിനിധികളെ ക്ഷണിച്ചിരുന്നെങ്കിലും, ഇത് രാഷ്ട്രീയ പരിപാടിയാണെന്ന നിലപാടിൽ അവർ ചടങ്ങിൽ പങ്കെടുത്തില്ല.
