കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രവർത്തനരഹിതമായ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നടത്തിപ്പിനായി വീണ്ടും ടെണ്ടർ ക്ഷണിക്കാൻ തീരുമാനം. ജില്ലാ ഭരണകൂടം വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. ഒരാഴ്ചയ്ക്കകം യോഗ്യരായ കമ്പനികളുമായി ചർച്ച നടത്തി ടെണ്ടർ നടപടികൾ ആരംഭിക്കാനാണ് തീരുമാനം. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പുതിയ കമ്പനിക്ക് പ്ലാന്റിന്റെ നടത്തിപ്പ് കൈമാറാനാണ് നിർദേശം. അതുവരെ ഏകോപന ചുമതല ജില്ലാ ശുചിത്വ മിഷൻ നിർവഹിക്കും.
അതിനിടെ കഴിഞ്ഞ ദിവസം ശുദ്ധീകരിക്കാത്ത വെള്ളം കനോലി കനാലിലേക്ക് കൊണ്ടു പോകുന്ന പൈപ്പ് പൊട്ടി മലിനജലം ഏറെ നേരം നഗരത്തിലേക്കൊഴുകി. കെഎസ്ഇബി കേബിളിടുമ്പോഴാണ് പൈപ്പിൽ തട്ടി പൊട്ടിയത്. പിന്നീട് പിഡബ്ല്യുഡി എഇ യുടെ പ്രത്യേക അനുമതിയെടുത്ത് റോഡ് കീറിയാണ് പൈപ്പ് നന്നാക്കിയത്.
അതേസമയം എസ് ടിപിയുടെ നിർമാണ പരിപാലന കരാറുകളിലെ അഴിമതിയാരോപണം വിജിലൻസ് സമാന്തരമായി അന്വേഷിക്കുന്നുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മൊഴി ഉടൻ എടുക്കും. കോഴിക്കോട് മെഡിക്കൽ കോളജിലെയും നഗരത്തിലെയും മലിനജലം ശുദ്ധീകരിക്കുന്ന പ്ലാൻ്റ് പ്രവർത്തിക്കുന്നില്ലെന്നും ശുദ്ധീകരിക്കാത്ത വെള്ളം കനോലി കനാലിലേക്ക് ഒഴുക്കുന്നുവെന്നും ദൃശ്യങ്ങൾ സഹിതം ബിഗ് ടിവിയാണ് വാർത്ത പുറത്ത് വിട്ടത്.
