വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ അനുബന്ധ കരാർ പരിഗണനയിൽ. എംഎസ് സിക്ക് ഉടമസ്ഥാവകാശമോ കുത്തകാവകാശമോ നൽകാൻ പാടില്ലെന്ന് കരാറിൽ വ്യക്തമായി ഉൾപ്പെടുത്താനാണ് നീക്കം.ആർബിട്രേഷൻ നടപടികൾ ഒഴിവാക്കി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് അനുബന്ധ കരാർ തയ്യാറാക്കുന്നത്. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട നിബന്ധനകൾ കൂടുതൽ കർശനമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്.എംഎസ് സിക്ക് തുറമുഖത്തിൽ ഏകപക്ഷീയമായ നിയന്ത്രണമോ കുത്തകാവകാശമോ അനുവദിക്കരുത് എന്ന വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തും. മത്സരാധിഷ്ഠിത പ്രവർത്തനങ്ങൾ ഉറപ്പാക്കുകയും എല്ലാ കമ്പനികൾക്കും നിക്ഷേപത്തിനുള്ള അവസരം ഒരുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
ദേശീയ സുരക്ഷ ഉറപ്പാക്കൽ, കോമൺ യൂസർ ഫെസിലിറ്റി, സംസ്ഥാന താൽപര്യം ഉൾക്കൊള്ളുന്ന വികസനം എന്നിവയും കരാറിന്റെ ഭാഗമാകും.ഓഹരികൾ നിശ്ചിത കാലയളവിന് ശേഷം സർക്കാർ തിരികെ കൈവശംവെക്കണം എന്ന വ്യവസ്ഥയും പരിഗണനയിലാണ്. സർക്കാർ അനുമതിയില്ലാതെ ഓഹരി കൈമാറ്റമോ നിക്ഷേപമോ അനുവദിക്കരുതെന്നും കരാറിൽ വ്യക്തമാക്കും.തുറമുഖ പ്രവർത്തനങ്ങളിൽ വിവേചനം ഇല്ലാതെ എല്ലാ കമ്പനികൾക്കും അവസരം നൽകണമെന്നും, ബിസിനസ് വളർച്ചയ്ക്കായി മുൻഗണന നൽകിയാൽ അതിന്റെ വിവരം സർക്കാരിനെ അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്. മൂന്ന് വർഷത്തിന് ശേഷം ഈ മുൻഗണനയും ഒഴിവാക്കണമെന്ന നിർദേശവും കരാറിലുണ്ട്.ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എമ്പവേർഡ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും.
