പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള സിപിഐഎം–സിപിഐ തർക്കം പരിഹാരമില്ലാതെ തുടരുന്നു. പ്രശ്നത്തിൽ സമവായമാകാത്തതോടെ എൽഡിഎഫ് മുന്നണി യോഗം പോലും വിളിച്ചുചേരാനാകാത്ത സ്ഥിതിയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ പോലും മുന്നണിയുടെ സംയുക്ത യോഗം ഇതുവരെ ചേരാൻ ആയിട്ടില്ല. പ്രതിപക്ഷ ഉപനേതൃ സ്ഥാനം വിട്ടുനൽകില്ലെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ആവർത്തിച്ചതോടെ തർക്കം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത.
വിഷയത്തിൽ സിപിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലവിൽ ഫ്രാൻസ് സന്ദർശനത്തിലായതിനാൽ അദ്ദേഹം തിരിച്ചെത്തിയ ശേഷമാകും പാർട്ടിയുടെ തുടർനിലപാട് തീരുമാനിക്കുക.ഏത് സമ്മർദ്ദമുണ്ടായാലും ഉപ നേതാവ് പദം വിട്ടുകൊടുക്കേണ്ട എന്ന് ധാരണയിൽ സിപിഐഎം എത്തിയിട്ടുണ്ട്. മറുവശത്ത്, ഉപനേതൃ സ്ഥാനം ലഭിക്കാത്തതിൽ മാത്രമല്ല, ഉന്നയിച്ച ആവശ്യത്തോട് മുന്നണി നേതൃത്വം സ്വീകരിച്ച സമീപനത്തിലും സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്.ഇരുപാർട്ടികളും നിലപാടിൽ ഉറച്ചുനിൽക്കുന്നതിനാൽ വിഷയം എങ്ങനെ പരിഹരിക്കുമെന്നത് എൽഡിഎഫിന് മുന്നിലെ പ്രധാന രാഷ്ട്രീയ വെല്ലുവിളിയായി തുടരുകയാണ്.
