കോഴിക്കോട് മെഡിക്കൽ കോളജിലെ മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിർമാണത്തിലും പരിപാലനത്തിലും വൻ ക്രമക്കേടെന്ന് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇതുമൂലം സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് വിജിലൻസ്. പ്രവർത്തനരഹിതമായ പ്ലാന്റിൽ നിന്ന് മലിനജലം കനോലി കനാലിലേക്ക് ഒഴുക്കുന്നതായി ബിഗ് ടിവി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെ ജില്ല കളക്ടർ വിഷയത്തിൽ അടിയന്തര യോഗവും വിളിച്ചു.
മാലിന്യ സംസ്കരണ പ്ലാന്റിന്റെ പരിപാലനത്തിൽ വീഴ്ച വരുത്തിയ GEWS Pvt Ltd കമ്പനിക്ക് കോഴിക്കോട് കോർപ്പറേഷൻ വീണ്ടും 71 ലക്ഷം രൂപ അനുവദിച്ചതായാണ് വിജിലൻസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ തകരാറിലായ ഭാഗങ്ങൾ പൂർണമായി പുനഃസ്ഥാപിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം വിജിലൻസ് സംഘം പ്ലാന്റ് നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. കേസെടുത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്കാണ് അന്വേഷണം കടക്കുന്നത്. പണം അനുവദിക്കരുതെന്ന പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ് കോർപ്പറേഷൻ അവഗണിച്ചതായും കണ്ടെത്തലിലുണ്ട്.
പ്ലാന്റിലെ തകരാറിലായ 900 ഇലക്ട്രോഡുകൾ പുനഃസ്ഥാപിക്കേണ്ടതിന് പകരം 300 എണ്ണം മാത്രമാണ് സ്ഥാപിച്ചതെന്നും വിജിലൻസ് കണ്ടെത്തി.അതേസമയം, പ്രവർത്തനം നിലച്ച പ്ലാന്റിൽ നിന്ന് കനോലി കനാലിലേക്ക് മാലിന്യം ഒഴുക്കുന്ന സംഭവത്തിൽ ജില്ലാ ഭരണകൂടവും ഇടപെട്ടിട്ടുണ്ട്. മെഡിക്കൽ കോളജ്, കോഴിക്കോട് കോർപ്പറേഷൻ അധികൃതരുടെ യോഗം ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി വിളിച്ചിട്ടുണ്ട്.
