തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടു വയസുകാരൻ ദിക്ഷൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഡോക്ടറേയും സൂപ്രണ്ടിനെയും ഡിഎംഒ വിളിച്ചുവരുത്തി. കുട്ടിയുടെ മരണത്തിൽ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് വിളിച്ചുവരുത്തിയത്.
രാവിലെ 11 മണിയോടെ ആശുപത്രി സൂപ്രണ്ട് ഡോക്ടർ ഷീജ ഡിഎംഒ ഓഫീസിൽ ഹാജരായി. കുഞ്ഞിന് ആശുപത്രിയിൽ ചികിത്സ വൈകിയിട്ടില്ല എന്നായിരുന്നു സൂപ്രണ്ട് നേരത്തെ അറിയിച്ചിരുന്നത്. വീഴ്ച ഉണ്ടായിട്ടില്ല എന്ന നിലപാട് തന്നെയാണ് ഇന്നും ആവർത്തിച്ചത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പാമ്പ് കടിച്ച ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. മുറിവും കണ്ടെത്തിയില്ല. രക്ത പരിശോധനയിൽ ശരീരത്തിൽ വിഷം കലർന്നതായുള്ള ഫലവും നെഗറ്റീവായിരുന്നു. പിന്നീടാണ് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചത്. ഛർദ്ദിക്കുകയും ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്തു. അപ്പോൾ തന്നെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു എന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം. അതേസമയം, കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചതും മരണകാരണമെന്ന ആരോണത്തിൽ ഉറച്ചുനിൽക്കുകയാണ് ദിക്ഷലിന്റെ കുടുംബം. ഇതിനിടെ ദിക്ഷലിന്റെ വീടിന് സമീപത്ത് നിന്നും വീണ്ടും പാമ്പിനെ പിടികൂടി.
