സംസ്ഥാനത്ത് സൂര്യാതാപം ഏൽക്കുന്നവരുടെ എണ്ണത്തിൽ വർധന. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വിവിധ ഇടങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ചൂട് കനക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.
കോഴിക്കോട് താമരശ്ശേരിയിലാണ് ഒരാൾക്ക് സൂര്യാതപമേറ്റത്. മരപ്പണിക്കാരനായ സുജേഷ് എന്ന യുവാവിന് കൈക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും പൊള്ളലേറ്റു. ഇന്നലെ ഉച്ചയോടെ കുറച്ച് സമയം വെയിലിൽ നിന്നതിന് പിന്നാലെ രാത്രി എരിച്ചിലും അസ്വസ്ഥതയും അനുഭവപ്പെട്ടതോടെ ഇന്ന് രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
മലപ്പുറം താനൂരിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു. താനൂർ–മഠത്തി റോഡിൽ താമസിക്കുന്ന യുവാവിന് ജോലിക്കിടെ സൂര്യാതപമേറ്റു. കൈയിലാണ് പൊള്ളലേറ്റത്. ഉടൻ കുന്നുംപ്പുറം ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി.
കണ്ണൂർ മേലെ ചൊവ്വ ശിവക്ഷേത്രത്തിലെ പൂജാരി കൃഷ്ണകുമാറിനും സൂര്യാതപമേറ്റു. കൈയ്ക്ക് നീറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യസഹായം തേടി. സംഭവം രണ്ടുദിവസം മുമ്പായിരുന്നു.
സംസ്ഥാനത്ത് സൂര്യാതപം കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നേരിട്ട് വെയിലിൽ നിൽക്കുന്നത് ഒഴിവാക്കാനും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു
സംസ്ഥാനത്ത് സൂര്യാതാപം ഏൽക്കുന്നവരുടെ എണ്ണം കൂടുന്നു,ചൂട് കനക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം
