ജയിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് അനധികൃതമായി ഫോൺവിളി നടത്തിയ സംഭവത്തിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്കെതിരെ കർശന നടപടി. തവനൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയെ ജയിലിലെ പണിഷ്മെന്റ് സെല്ലിലേക്ക് മാറ്റി.സഹതടവുകാരന്റെ ഫോൺ കാർഡ് ഉപയോഗിച്ചാണ് കൊടി സുനി പുറത്തേക്ക് ഫോൺവിളി നടത്തിയതെന്നാണ് ജയിൽ അധികൃതരുടെ കണ്ടെത്തൽ. ഇതേ തുടർന്നാണ് ശിക്ഷാനടപടിയുടെ ഭാഗമായി പണിഷ്മെന്റ് സെല്ലിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
പണിഷ്മെന്റ് സെല്ലിൽ കഴിയുന്ന കാലയളവിൽ കൊടി സുനി ഒറ്റയാൾ മുറിയിലായിരിക്കും. സെല്ലിന് പുറത്തേക്ക് സ്വതന്ത്രമായി ഇറങ്ങാനോ ജയിലിലെ പൊതുസൗകര്യങ്ങൾ ഉപയോഗിക്കാനോ അനുമതിയുണ്ടാകില്ല. മറ്റ് തടവുകാരുമായുള്ള ഇടപെടലുകൾക്കും കർശന നിയന്ത്രണമുണ്ടാകും.
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ജയിൽ സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.കൊടി സുനിക്കെതിരെ നേരത്തെയും ജയിൽ ചട്ടലംഘനത്തിന്റെ പേരിൽ നടപടികൾ ഉണ്ടായിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് കൈയിൽ കെട്ടിയിരുന്ന ചരട് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ട ജയിൽ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. 2023-ൽ സഹതടവുകാരുമായി സംഘർഷമുണ്ടായതിനെ തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തവനൂർ സെൻട്രൽ ജയിലിലേക്കാണ് കൊടി സുനിയെ മാറ്റിയത്.
