കോഴിക്കോട്ടെ 30 കോടിയുടെ കെട്ടിടം കേരള ഫിനാൻഷ്യൽ കോർപറേഷൻ 9.18 കോടിക്ക് ലേലം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി.ലേല വിൽപനയുടെ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നടപടിക്രമങ്ങളിൽ ഗുരുതര വീഴ്ച കണ്ടെത്തിയ കോടതി, ആറുമാസത്തിനകം പുതിയ ഇ-ലേലം നടത്താൻ കെ.എഫ്.സി.യ്ക്ക് നിർദേശം നൽകി. വായ്പ തുക കുടിശ്ശികയുടെ പേരിലാണ് 30 കോടിയുടെ കെട്ടിടം കെഎഫ്സി സ്വന്തം നിലയിൽ ഏറ്റെടുത്ത് 9.18 കോടിക്ക് ലേലം ചെയ്തത്.
2014ലാണ് നഗരത്തിലെ കണ്ണായ സ്ഥലത്ത് 40 സെന്റ് ഭൂമിയിൽ കെട്ടിടം പണിയുന്നതിനുവേണ്ടി കോഴിക്കോട് പേൾ ഹിൽ ബിൽഡേഴ്സ് ഉടമ കൂടിയായ കോഴിക്കോട് സ്വദേശി അബ്ദുൽ നാസർ കെഎഫ്സിയിൽ ഭൂമിയും കെട്ടിടവും പണയപ്പെടുത്തി വായ്പയെടുത്തത്.തുടർന്ന് വായ്പ കുടിശ്ശികയായതോടെയാണ് കെഎഫ്സി സ്വത്ത് ഏറ്റെടുത്ത് ഇ-ലേലം നടത്തിയത്.കെ എഫ് സി നടപടിക്കെതിരെ ഭൂമിയുടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്വത്തിന്റെ യഥാർഥ വിപണിമൂല്യം കണക്കാക്കാതെയും മതിയായ പ്രചാരണം നൽകാതെയും ലേലം നടത്തിയെന്നാണ് ഹർജിയിലെ പ്രധാന വാദം. ഈ വാദം അംഗീകരിച്ച ഹൈക്കോടതി, ലേല നടപടികളിൽ ഗുരുതര നടപടിക്രമ വീഴ്ച ഉണ്ടായെന്ന് വിലയിരുത്തി. സ്വത്ത് വാങ്ങാൻ കെഎഫ്‌സി തന്നെ വായ്പ നൽകിയ നടപടി ട്രസ്റ്റിയുടെ ഉത്തരവാദിത്തത്തിന് വിരുദ്ധമാണെന്നും കോടതി വിമർശിച്ചു. ജസ്റ്റിസ് ഡോ. എ.കെ. ജയശങ്കരൻ ഡോ. എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പ്രീത എ.കെ.എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ലേലം റദ്ദാക്കിയത്.
