ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് പുതിയ യൂസർനെയിം സംവിധാനം അവതരിപ്പിക്കുന്നു. ഉപയോക്താക്കൾക്ക് ഈ ആഴ്ച മുതൽ തങ്ങൾക്ക് ഇഷ്ടമുള്ള യൂസർനെയിം മുൻകൂട്ടി റിസർവ് ചെയ്യാൻ സാധിക്കും. ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ മറ്റുള്ളവരുമായി ആശയവിനിമയം നടത്താൻ ഈ സംവിധാനം സഹായിക്കും.
പുതിയ ഫീച്ചർ ലഭ്യമായാൽ വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്ത ശേഷം സെറ്റിങ്ങ്സ് > അക്കൗണ്ട് > യൂസർനെയിം എന്ന ഓപ്ഷൻവഴി യൂസർനെയിം തിരഞ്ഞെടുക്കാം. ആ പേര് മറ്റാരും ഉപയോഗിച്ചിട്ടില്ലെങ്കിൽ അത് റിസർവ് ചെയ്യാൻ കഴിയും. ലഭ്യമല്ലെങ്കിൽ, വ്യത്യസ്തമായ പേരുകൾ വാട്ട്‌സ്ആപ്പ് നിർദേശിക്കുകയും ചെയ്യും.
ഇനിമുതൽ പുതിയ ആളുകളുമായി ചാറ്റ് ആരംഭിക്കുമ്പോൾ ഫോൺ നമ്പറിന് പകരം യൂസർനെയിം ഉപയോഗിക്കാം. ഫോൺ നമ്പർ വെളിപ്പെടുത്താതെ ആശയവിനിമയം നടത്താൻ കഴിയുന്നതിനാൽ സ്വകാര്യത വർധിക്കുമെന്നതാണ് പ്രധാന ആകർഷണം. യൂസർനെയിമുകൾക്കായി പൊതുവായ സെർച്ച് ഡയറക്ടറി ഉണ്ടാകില്ല. കൃത്യമായ യൂസർനെയിം അറിയുന്നവർക്ക് മാത്രമേ സന്ദേശം അയയ്ക്കാനാകൂ.
ബിസിനസുകൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും ഇൻസ്റ്റഗ്രാം അല്ലെങ്കിൽ ഫേസ്ബുക്കിൽ ഉപയോഗിക്കുന്ന അതേ യൂസർനെയിം ലഭ്യമാണെങ്കിൽ അത് വാട്ട്‌സ്ആപ്പിലും റിസർവ് ചെയ്യാൻ അവസരമുണ്ട് . വ്യാജ അക്കൗണ്ടുകൾ തടയാൻ പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും യൂസർനെയിമുകൾ മുൻകൂട്ടി സംരക്ഷിക്കുമെന്നും കമ്പനി അറിയിച്ചു.
വാട്ട്‌സ്ആപ്പിന്റെ പുതിയ യൂസർനെയിം സംവിധാനം ഘട്ടംഘട്ടമായാണ് ആഗോളതലത്തിൽ ലഭ്യമാക്കുക. ഫീച്ചർ ഉപയോക്താവിന്റെ രാജ്യത്ത് ലഭ്യമാകുമ്പോൾ ആപ്പിനുള്ളിൽ അറിയിപ്പ് ലഭിക്കും.
