ശബരിമല സ്വർണക്കൊള്ളക്കേസിൽ പി എസ് പ്രശാന്തിനെ പ്രതിചേർത്തതോടെ രണ്ടു പിണറായി വിജയൻ സർക്കാരുകളുടെ കാലത്തെ ഭരണസമിതികളും സംശയ നിഴലിലാവുകയാണ്. പത്മകുമാറിനും എൻ വാസുവിനും പുറമെയാണ് പി എസ് പ്രശാന്തും പ്രതിയാകുന്നത്. 2024ൽ ദ്വാരപാലക ശിൽപങ്ങളിൽ വീണ്ടും സ്വർണം പൊതിയാൻ നീക്കം നടത്തിയെന്നും അതിനു തിടുക്കം കൂട്ടിയെന്നുമാണ് കണ്ടെത്തൽ. കോടതിയുടെ മേൽനോട്ടം ഉള്ളപ്പോൾ തന്നെ അതിനെ മറികടന്നാണ് ദ്വാരപാലക ശിൽപങ്ങൾ കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് കോടതി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. പാളികൾ കൊണ്ടുപോയത് മിനുട്സിൽ ഇല്ലെന്നു നിരീക്ഷിച്ച കോടതി ബോർഡിന് ഗുരുതര വീഴ്ച സംഭവിച്ചതായും പറഞ്ഞിരുന്നു.
എസ് ഐ ടിയുടെ അന്വേഷണ പുരോഗതി റിപ്പോർട്ട് പരിഗണിച്ച ശേഷം ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലാണ് ഗുരുതര പരാമർശം ഉണ്ടായിരുന്നത്. അതിനെ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. കഴിഞ്ഞയാഴ്ച അന്തരിച്ച എക്സിക്യൂട്ടീവ് ഓഫിസർ മുരാരി ബാബു, സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, സ്മാർട് ക്രിയേഷൻസിലെ പങ്കജ് ഭണ്ഡാരി, ദേവസ്വം ബോർഡ് അംഗം എ അജികുമാർ, തന്ത്രി കണ്ഠര് രാജവര്, തിരുവാഭരണം കമ്മിഷണർ റജിലാൽ എന്നിവരാണ് മറ്റു പ്രതികൾ. കേസിൽ നാലാം പ്രതിയാണ് പി എസ് പ്രശാന്ത്.
ദ്വാരപാലകശിൽപങ്ങൾക്ക് സ്വർണം പൂശുക എന്ന പേരിൽ വലിയ തട്ടിപ്പു നടന്നു എന്നാണ് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചത്? 1999ൽ ആദ്യം സ്വർണം പൊതിയുന്നു. ഇതു മറച്ചു വച്ച് 2019ൽ വീണ്ടും സ്വർണം പൂശുന്നു. അന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. വർഷം നാലു തികയും മുൻപ് അറ്റകുറ്റപ്പണിക്ക് വീണ്ടും അഴിച്ചുകൊണ്ടുപോകുന്നു. അപ്പോഴും സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. 2019ൽ സ്വർണപ്പാളി പൂശാൻ കൊണ്ടുപോകുമ്പോൾ തന്നെ പീഠവും നിർമിച്ചു. ഈ പീഠങ്ങൾ ശബരിമലയിൽ എത്തിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശം അനുസരിച്ച് ജീവനക്കാരനായ വാസുദേവൻ. ഈ പീഠം കാണാനില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി പരാതി നൽകുന്നു. ദേവസ്വത്തിന്‍റെ സ്ട്രോങ് റൂമുകളിൽ പരിശോധിച്ചെങ്കിലും കണ്ടെത്താൻ കഴിയുന്നില്ല. ഒടുവിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് പീഠം കണ്ടെടുക്കുന്നു. ഇങ്ങനെ ഉണ്ണികൃഷ്ണൻ പോറ്റിയിൽ തട്ടിനിന്ന കേസാണ് എൽഡിഎഫ് കാലത്തെ മൂന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റുമാരിലേക്കും എത്തുന്നത്.
ശബരിമലയിൽ ദ്വാരപാലക ശിൽപങ്ങളുടെ പേരിൽ സംഭവിച്ചത് സസൂക്ഷ്മം പഠിക്കേണ്ട കാര്യങ്ങളാണ്. ക്ഷേത്രങ്ങളുടെ കാവൽക്കാരാണ് ദ്വാരപാലകർ. ശബരിമലയിൽ ഇവർ അയ്യപ്പന്‍റെ ഭൂതഗണങ്ങളിൽപ്പെട്ടവരാണ്. ചെമ്പ് പാളികളിൽ പൊതിഞ്ഞാണ് ദ്വാരപാലകരെ സൂക്ഷിച്ചിരുന്നത്. 1999ൽ ആണ് ഇത് സ്വർണം പൊതിയാൻ തീരുമാനിക്കുന്നത്. ദേവസ്വം കമ്മിഷണർ ഇതിനായി കത്തു നൽകുന്നു. കത്തിന്‍റെ അടിസ്ഥാനത്തിൽ ദേവസ്വം സെക്രട്ടറി സ്വർണം പൊതിയാൻ അനുമതി നൽകുന്നു. ഈ പാളികളിലാണ് 2019ൽ വീണ്ടും സ്വർണം പൂശാൻ തീരുമാനിക്കുന്നത്. അതിനായി അഴിച്ചുകൊണ്ടുപോയത് സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയാണ്. അങ്ങനെ കൊണ്ടുപോകുമ്പോൾ രേഖകളിൽ എഴുതി വച്ചത് ചെമ്പ് പാളികൾ എന്നാണ്. ചെമ്പ് പാളികളായിരുന്നവയിൽ 1999ൽ സ്വർണം പൂശുന്നുണ്ട്. പിന്നെയവ സ്വർണംപൂശിയ പാളികളാണ്. അതിനുപകരം ചെമ്പ് പാളികൾ എന്നുതന്നെയാണ് എഴുതിവയ്ക്കുന്നത്.
സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല സംശയനിഴലിലായത്. ദേവസ്വത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും കൂട്ടുപ്രതികളാണ്. അങ്ങനെയല്ലെങ്കിൽ 2019ൽ ഈ പാളികൾ അഴിച്ചെടുക്കുമ്പോൾ ചെമ്പ് പാളികൾ എന്ന് രേഖയുണ്ടാകില്ല. ഇതിനു പിന്നാലെയാണ് 2025ലെ നീക്കം. 2024ൽ തന്നെ പി എസ് പ്രശാന്തിന്‍റെ നേതൃത്വത്തിൽ പാളികൾ അഴിച്ചുകൊണ്ടുപോകാൻ തിടുക്കപ്പെട്ടു എന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. ഒടുവിൽ കോടതി നിരീക്ഷകൻ പോലും അറിയാതെ 2025ൽ കൊണ്ടുപോവുകയായിരുന്നു.
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾക്ക് വിള്ളലുകളും കീറലുകളും ഉണ്ടാകുന്നു. നിറം മങ്ങുന്നു. 2019ൽ ഇവ സ്വർണം പൂശിക്കൊണ്ടുവന്ന് രണ്ടുവർഷം തികഞ്ഞപ്പോൾ തന്നെ സംഭവിച്ചതാണിത്. ക്ഷേത്രങ്ങളിലെ ശിൽപങ്ങൾക്കും കവചങ്ങൾക്കു കേടുപാടുണ്ടായാൽ അശുഭലക്ഷണം എന്നാണ് താന്ത്രിക സങ്കൽപം. ചൈതന്യം നഷ്ടപ്പെടാതിരിക്കാൻ ഇവ അറ്റകുറ്റപ്പണി നടത്താൻ തീരുമാനിക്കുന്നു. അങ്ങനെയാണ് തന്ത്രിയും ഈ ഗൂഢാലോചനയിലെ പ്രതിയാകുന്നത്.
സ്പെഷൽ കമ്മിഷണറെ പോലും അറിയിക്കാതെയാണ് ഇവ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയത്. അങ്ങനെ കൊണ്ടുപോകാൻ അഴിച്ചെടുക്കുമ്പോൾ ചെമ്പ് പാളികളുടെ ഭാരം 25 കിലോ 400 ഗ്രാം. പീഠങ്ങളുടെ ഭാരം 17 കിലോ 400 ഗ്രാം. ആകെ ഭാരം 42 കിലോ 800 ഗ്രാം. ഇവ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് തൂക്കി നോക്കുമ്പോൾ ഭാരം 38 കിലോ 258 ഗ്രാം. ഉണ്ടായ കുറവ് നാലു കിലോ 541 ഗ്രാമിന്‍റേത്. ഇങ്ങനെ കുറവ് വരണമെങ്കിൽ രണ്ടേ രണ്ടു സാധ്യതകളെയുള്ളു. ഒന്ന് കൊണ്ടുപോയ പാളികളാവില്ല വർക് ഷോപ്പിൽ എത്തിച്ചത്. അതെടുത്ത ശേഷം മറ്റൊരു പാളി വച്ചു. അതല്ലെങ്കിൽ കൊണ്ടുപോയ പാളികൾ മുറിച്ചെടുത്തു. നാലുകിലോ 541 ഗ്രാമിന്‍റെ കുറവു വരാൻ ഇതല്ലാതെ മറ്റൊരു സാധ്യതയുമില്ല. ഇനി ചെന്നൈയിൽ സ്മാർട്ട് ക്രിയേഷൻസിൽ വച്ച് പണികഴിഞ്ഞു വീണ്ടും തൂക്കം എടുക്കുന്നുണ്ട്. അപ്പോൾ തൂക്കം 38 കിലോ 653 ഗ്രാം. വർദ്ധന 394 ഗ്രാമിന്‍റേത്. അറ്റകുറ്റപ്പണിക്കു ശേഷം 394 ഗ്രാം സ്വർണം മാത്രമാണ് കൂടുതൽ ഉപയോഗിച്ചത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. അപ്പോഴും ആകെ തൂക്കത്തിൽ നാലു കിലോ 147 ഗ്രാമിന്‍റെ കുറവുണ്ട്. ഇവ തിരികെ കൊണ്ടുവന്നശേഷം ശബരിമലയിൽ തൂക്കിനോക്കുന്നില്ല. അതുതന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ ദുരൂഹതയും. തൂക്കം നോക്കിയാൽ കുറവുള്ളത് രേഖകളിൽ വരും. അതൊഴിവാക്കാൻ തൂക്കം നോക്കാതെ തന്നെ ഇവ ഘടിപ്പിക്കുകയാണ്.
ഈ സ്വർണപാളികൾ രണ്ടാം തവണ കൊണ്ടുപോകുമ്പോൾ അസിസ്റ്റൻ്‍റ് എക്സിക്യൂട്ടീവ് ഓഫിസർ ഹേമന്ത്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീനിവാസൻ, തിരുവാഭരണം സ്പെഷൽ കമ്മിഷണർ റെജിലാൽ, ദേവസ്വം വിജിലൻസ് എസ് ഐ രാഖേഷ്, വിജിലൻസിൽ നിന്നു തന്നെയുള്ള രണ്ട് ഉദ്യോഗസ്ഥർ, ദേവസ്വം ഗോൾഡ് സ്മിത്ത്, ദേവസ്വം ഗാർഡുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇതു ചൂണ്ടിക്കാണിച്ചാണ് എല്ലാം മാനദണ്ഡം പാലിച്ചാണ് ചെയ്തത് എന്ന് പി എസ് പ്രശാന്ത് പറഞ്ഞിരുന്നത്. പക്ഷേ അപ്പോഴും എന്തിനാണ് 2019ൽ സ്വർണം പൂശിയ പാളികൾ 2025ൽ അഴിച്ചുകൊണ്ടുപോയത് എന്നതിന് മാത്രം ഉത്തരമില്ല. ആ സംശയത്തിലൂടെയുള്ള അന്വേഷണമാണ് പി എസ് പ്രശാന്തിനേയും പ്രതിയാക്കിയിരിക്കുന്നത്.
