ഛത്തീസ്ഗഢ് ബലോദ ബസാർ ജില്ലയിലെ ഖാർവെ ഗ്രാമത്തിലാണ് തുടർമരണങ്ങൾ ഉണ്ടായത്. ഫെബ്രുവരിയിൽ അൻപത്തിയെട്ടുകാരനായ ബാദ്രി പട്ടേലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്.മാർച്ചിൽ മുൻ സർപഞ്ച് ചതുറാം സാഹു കുഴഞ്ഞുവീണു. ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കുമ്പോഴായിരുന്നു മരണം. മാർച്ചിൽ തന്നെ 38 വയസ്സുള്ള സാഹുവിനെ നദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇങ്ങനെ എട്ടുമരണങ്ങളാണ് ഖാർവേയിൽ അടിക്കടി ഉണ്ടായത്. ആയിരം ഗ്രാമവാസികൾ മാത്രമുള്ള പ്രദേശമാണ്. അവിടെ എങ്ങനെ എട്ടുപേരും മരിച്ചു? ദൈവകോപമെന്ന് ഭയന്ന് പ്രാർത്ഥനകളും പൂജകളുമായി കഴിയുകയായിരുന്നു നാട്ടുകാർ. പക്ഷേ, ഈ മരിച്ച എട്ടുപേർക്കും ഒരു പൊതുവായ കാര്യം ഉണ്ടെന്ന് വളരെ വേഗം വ്യക്തമായി. മരിച്ചവരെല്ലാം അന്നാട്ടിലെ കടയുടമയായ രാം സഹായ് ജയ്സ്വാളിനൊപ്പം മദ്യപിച്ചിരുന്നു. ആ രാംസഹായ് ജയ്സ്വാൾ കഴിഞ്ഞദിവസം അറസ്റ്റിലായതോടെയാണ് സംഭ്രമജനകമായ കൊലപാതക പരമ്പരയുടെ ചുരുൾ നിവർന്നത്.
രാംസഹായ് സ്ഥിരം മദ്യപാനിയായിരുന്നു. ഈ മരിച്ച എട്ടുപേരും രാംസഹായിക്കൊപ്പം പലവട്ടം മദ്യപിച്ചിട്ടുമുണ്ട്. വാക്കുതർക്കങ്ങൾ ഉണ്ടാകുമ്പോൾ എട്ടുപേർക്കും രാംസഹായി മദ്യത്തിൽ കലർത്തി സുഹഗ എന്ന വിഷം നൽകും. ഇത് കൃഷിക്കാർ എലിയെ കൊല്ലാൻ ഉപയോഗിക്കുന്നതാണ്. ഇതു കഴിക്കുന്നവർ 15 മിനിറ്റിനുള്ളിൽ കുഴഞ്ഞുവീണു മരിക്കും.ഗ്രാമത്തിലെ ഒത്തനടുക്കു തന്നെയാണ് രാംസഹായിയുടെ പലചരക്കു കട. അവിടെ വച്ചാണ് ഇരകൾക്കെല്ലാം വിഷം നൽകിയത്. എന്നാൽ വിഷം കഴിച്ചാണ് മരണമെന്ന് ആർക്കും സംശയം തോന്നിയില്ല. കുഴഞ്ഞുവീണുള്ള സാധാരണ മരണങ്ങൾ എന്ന നിലയിലായിരുന്നു സംസ്കാരചടങ്ങുകൾ. ഈ മരണങ്ങൾ എല്ലാം ഡോക്ടർമാരും ഹൃദയാഘാതമായാണ് എഴുതിച്ചേർത്തത്.
രാംസഹായിയുടെ കടയിൽ നിന്നു വന്ന ശേഷമാണ് അൻപത്തിയെട്ടുകാരനായ ബദ്രി പട്ടേൽ മരിച്ചത്. ഹൃദയാഘാതം എന്നാണ് മൃതദേഹം പരിശോധിച്ച ഡോക്ടർ പറഞ്ഞത്. എന്നാൽ ബദ്രി പട്ടേലിന്‍റെ കാര്യത്തിൽ മകൻ വിക്രമിന് ചില സംശയങ്ങൾ തോന്നാതിരുന്നില്ല. ബദ്രി പട്ടേലിൽ നിന്ന് രാംസഹായ് പലപ്പോഴും പണം വാങ്ങിയിട്ടുണ്ടായിരുന്നു. ഈ പണമൊന്നും തിരിച്ചു നൽകിയിരുന്നില്ല. രാംസഹായിയുടെ അടുത്തു പോയിവന്നപ്പോഴുള്ള മരണം പണം കിട്ടാത്തതിന്‍റെ ആഘാതത്തിലുള്ളകാം എന്നാണ് മകൻ സംശയിച്ചത്.
അറുപതു വയസ്സുള്ള ബുദലു സാഹു, 59 വയസ്സുള്ള ചാതുറാം സാഹു, അറുപതുകാരനായ ബുധ് റാം ജെയ്സ്വാൾ എന്നിവരും പിന്നാലെ മരിച്ചു. ഇങ്ങനെ മരിച്ച ബുദലു സാഹുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് മുൻ സർപഞ്ചായ ചതുറാം സാഹു കുഴഞ്ഞു വീണ് മരിക്കുന്നത്. ചതുറാമും രാംസഹായിയുടെ അടുത്ത് പോയി മദ്യപിച്ചിരുന്നു എന്ന് പിന്നീട് വ്യക്തമായി. മാർച്ച് 31ന് വിനോദ് സാഹു മരിക്കുമ്പോഴാണ് സംശയമുന ഉയരാൻ തുടങ്ങിയത്. മഹാനദിയിൽ കുളിച്ചുവന്ന വിനോദ് സാഹു രാം സഹായിക്കൊപ്പം മദ്യപിക്കാൻ പോയി. മടങ്ങി വന്ന് 15 മിനിറ്റ് കഴിഞ്ഞപ്പോഴാണ് മരിച്ചത്. അന്നു രാവിലെ വിനോദ് മറ്റൊരു സുഹൃത്തിനോട് വാറ്റ്ചാരായം കിട്ടിയിട്ടുണ്ടെന്നും രാം സഹായിക്കൊപ്പം മദ്യപിക്കാൻ പോവുകയാണെന്നും പറഞ്ഞിരുന്നു.
നാട്ടുകാർ അപ്പോഴും പൂജകൾ നടത്തുകയും വിവിധ ഹോമങ്ങൾ ചെയ്യുകയുമാണ് ചെയ്തത്. എന്നാൽ ഏപ്രിലിൽ ഗഞ്ചം മഞ്ചിയും ചൈതുറാം സാഹുവും അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചു. ഇതിനു പിന്നാലെയാണ് മെഹത്രു ഷൂവിന്‍റെ മരണം. പുഴയിൽ കുളിക്കാൻ പോയ മെഹത്രു പൂർണ ആരോഗ്യവാനായിരുന്നു. പുഴയിൽ വച്ച് രാംസഹായിയുമായി സംസാരിക്കുന്നതു നാട്ടുകാർ കണ്ടിരുന്നു. ഈ മരണങ്ങൾക്കെല്ലാം രാംസഹായിയുമായി ബന്ധമുണ്ടെന്ന് നാട്ടുകാർ കണ്ടെത്തുന്നത് അങ്ങനെയാണ്. അതോടെ പൊലീസിനെ സമീപിച്ചു. എട്ട് എഫ് ഐ ആറുകൾ പൊലീസ് തയ്യാറാക്കി. എട്ടിലും പ്രതി രാംസഹായ് തന്നെയാണ്. കഴിഞ്ഞദിവസം രാംസഹായ് അറസ്റ്റിലാവുകയും ചെയ്തു.
