തിരുവനന്തപുരം ആറ്റുകാലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അതുലിനെ പോലീസ് അറസ്റ്റ് ചെയ്തു.വർക്കല സ്വദേശിനി ആരതിയെ ആണ് ആറ്റുകാൽ ചിറമുക്ക് കഞ്ഞിപ്പുരയിലെ വാടകവീട്ടിൽ വെള്ളിയാഴ്ച വൈകിട്ട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കുമെന്ന് ഫോർട്ട് പോലീസ് അറിയിച്ചു.അതുലിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ഗാർഹിക പീഡനവും ചുമത്തും.ഭർത്താവിന്റെ ക്രൂരമായ ശാരീരിക-മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.രണ്ടുപേജ് ആത്മഹത്യാക്കുറിപ്പിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഉള്ളത്.
“അതുലിന്റെ മാനസിക പീഡനം സഹിക്കാൻ കഴിയുന്നില്ല.അച്ഛനും അമ്മയും ക്ഷമിക്കണം” എന്ന് കുറിപ്പിൽ പറയുന്നു.ശരീരത്തിൽ പാടുകൾ വീഴ്ത്താതെയാണ് മർദിച്ചിരുന്നതെന്നും വയറിൽ കയറിയിരുന്ന് ക്രൂരമായി ആക്രമിച്ചിരുന്നുവെന്നും കുറിപ്പിലുണ്ട്.തന്നെയല്ല, പഴയ കാമുകിയെയാണ് അതുലിന് ഇപ്പോഴും ഇഷ്ടമെന്നും ആത്മഹത്യാക്കുറിപ്പിൽ ആരതി ആരോപിക്കുന്നു.ആത്മഹത്യാക്കുറിപ്പ് പോലീസ് തെളിവായി കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടരുകയാണ്.ആരതിയുടെ ഡയറിയുടെ ഉള്ളടക്കവും ആത്മഹത്യാക്കുറിപ്പും കേന്ദ്രീകരിച്ചാണ് നിലവിൽ പോലീസിന്റെ അന്വേഷണം. ഇതുവരെ നേരിടേണ്ടിവന്ന പീഡനങ്ങളും മരണ ദിവസത്തെ വിവരങ്ങളും അടക്കം ഡയറിയിൽ ഉണ്ട് എന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആരതിയുടെ ശരീരത്തില്‍ 13 പുതിയ മുറിവുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ നേരത്തെ മര്‍ദനമേറ്റതിന്‍റെ അടയാളങ്ങളും മൃതദേഹത്തിൽ ഉണ്ടായിരുന്നു.ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങൾക്ക് ആരതി ഇരയാക്കപ്പെട്ടു എന്നാണ് കുടുംബം ആരോപിക്കുന്നത്. ആരതിയുടെ അമ്മ ജിനുവിൻ്റെ പ്രാഥമിക മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു ബന്ധുക്കളുടെയും അയൽവാസികളുടെയും മൊഴികളും ഉടൻ രേഖപ്പെടുത്തും. അതുലിന്റെ കുടുംബത്തെയും ചോദ്യം ചെയ്തേക്കും..
