തിരുവനന്തപുരം ആറ്റുകാലിൽ വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വർക്കല സ്വദേശി ആരതിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർതൃപീഡന ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. ഭർത്താവ് അതുലിനെതിരെ യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നാലെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് റിപ്പോർട്ട് സമർപ്പിക്കാനും പോലീസിന് നിർദേശം നൽകി.
ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.ഒന്നര വർഷം മുൻപാണ് വർക്കല സ്വദേശികളായ അതുലിന്റെയും ആരതിയുടെയും വിവാഹം കഴിഞ്ഞത്.
50 പവൻ സ്വർണ്ണം നൽകിയായിരുന്നു വിവാഹം. ആറ് മാസം മുൻപ് പിഎസ് സി പഠനവുമായി ബന്ധപ്പെട്ട് ഇരുവരും ആറ്റുകാലികാലിലെ വാടക വീട്ടിലേക്ക് താമസം മാറി. പിന്നീട് അതുലിൽ നിന്ന് ക്രൂരമായ ശാരീരിക പീഡനങ്ങളാണ് യുവതി ഏറ്റുവാങ്ങിയതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. പണം ആവശ്യപ്പെട്ടാണ് മർദ്ദനമെന്നും അതുലുമായുള്ള തർക്കങ്ങൾ യുവതി നിരന്തരം അമ്മയോട് പറയാറുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.ഭര്‍ത്താവ് വീട്ടിലുള്ള സമയത്താണ് ആരതി ജീവനൊടുക്കിയത്. വീടിന് പുറത്ത് ഇരിക്കുകയായിരുന്ന അതുൽ, സുഹൃത്തിനെ വിളിച്ചുവരുത്തി വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടും ഇയാള്‍ ആരതിയെ മര്‍ദ്ദിച്ചതായി കുടുംബം ആരോപിച്ചു.യുവതി നേരത്തെ അമ്മയ്ക്ക് അയച്ച് നൽകിയ മർദ്ദനമേറ്റ ചിത്രങ്ങളും ബന്ധുക്കൾ പുറത്തുവിട്ടു.
