തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നം രൂക്ഷമാകുന്നതിനിടെ കോർപ്പറേഷനെതിരെ ആരോഗ്യ മന്ത്രി കടുത്ത വിമർശനവുമായി രംഗത്തെത്തി. മാലിന്യ സംസ്കരണത്തിലെ വീഴ്ചകൾ പകർച്ചവ്യാധികളുടെ വ്യാപനത്തിന് കാരണമാകുന്നുവെന്നാണ് മന്ത്രിയുടെ നിലപാട്.എന്നാൽ മനുഷ്യസാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നാണ് മേയറുടെ പ്രതികരണം. വിഷയത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക്കുതർക്കം തുടരുന്നതിനിടയിൽ നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.തിരുവനന്തപുരം നഗരത്തിൽ മാലിന്യപ്രശ്നം രൂക്ഷമാകുമ്പോഴും കോർപറേഷന് താല്പര്യം മറ്റ് വിഷയങ്ങളിൽ ആണ്. അടി കൂടുന്നതിനിടയിൽ ശുചീകരണം മറന്നു പോകരുത്.മാലിന്യം നീക്കം ചെയ്യാതെ തമ്മിൽതല്ലി കയ്യും കാലും ഓടിച്ചാൽ കൊതുക് പോകില്ലെന്ന് ആരോഗ്യമന്ത്രി പരിഹസിച്ചു.
പകർച്ചവ്യാധികളിൽ എലിപ്പനിയും ഡെങ്കിപ്പനിയും തിരുവനന്തപുരം ജില്ലയിലാണ് കൂടുതലായി പടരുന്നത്.ഇന്നലെ മാത്രം തിരുവനന്തപുരം ജില്ലയിൽ 23 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.ഏറ്റവും കൂടുതൽ രോഗബാധിതരും തിരുവനന്തപുരതാണ്.ജില്ലയിൽ നാല് പേർക്ക് എലിപ്പനിയും റിപ്പോർട്ട് ചെയ്തു.
