സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഇല്ലാത്ത ബജറ്റ്. പെൻഷൻ പ്രായം കൂട്ടിയില്ല, ഡിഎ കുടിശ്ശിക എന്ന് നൽകുമെന്നതിലും വ്യക്തത വരുത്തിയില്ല. നിലവിലുള്ള എൻ പി എസ് പെൻഷൻ സംവിധാനം പരിഷ്കരിക്കും എന്നുള്ളതും മെഡിസെപ് പുനഃപരിശോധിക്കും എന്നുള്ളതും മാത്രമാണ് ആശ്വാസം.
സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ കാത്തുവച്ച ബജറ്റ് എന്ന പ്രതീക്ഷയ്ക്ക് തിരിച്ചടി. ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡി ആർ എന്നിവ മുടക്കം കൂടാതെ നൽകും എന്ന് മാത്രം പ്രഖ്യാപനം. ലീവ് സറണ്ടറിന്റെ കാര്യത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന അറിയിപ്പ് മാത്രം. ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ് സമഗ്രമായി പരിഷ്കരിക്കുമെന്ന് പറയുമ്പോഴും എങ്ങനെ എന്നതിൽ വ്യക്തതയില്ല. മുടങ്ങിക്കിടക്കുന്ന ഇൻഷുറൻസ് തുക നൽകുമോ എന്നതിലും, പുതിയ പദ്ധതി വരുമോ എന്നതിലും വ്യക്തത വരുത്തിയിട്ടില്ല. മുൻ സർക്കാർ പ്രഖ്യാപിച്ച അഷ്വേർഡ് പെൻഷൻ പദ്ധതിയിൽ അവ്യക്തത ഉള്ളതിനാൽ വിലയിരുത്തൽ നടത്തിയ ശേഷം നിലവിലുള്ള എൻ പി എസ് പെൻഷൻ സംവിധാനം പരിഷ്കരിക്കുന്നത് നടപടി കൈക്കൊള്ളും എന്നുള്ള ഉറപ്പ് സർക്കാർ നൽകിയിട്ടുണ്ട്.
സർക്കാർ ജീവനക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ശമ്പള പരിഷ്കരണ കമ്മീഷനെക്കുറിച്ച് പരാമർശമേ ഇല്ല. ഡി എ മുടക്കമില്ലാതെ നൽകുമെന്ന് പറയുമ്പോഴും മുൻകാല പ്രാബല്യത്തോടെ നൽകുമോ എന്നും പറഞ്ഞില്ല. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കണം എന്നുള്ള ആവശ്യം പരിഗണിക്കാത്തത് യുവജന സംഘടനകൾക്ക് ആശ്വാസകരമാണ്.
