വെള്ളാപ്പള്ളി നടേശന് സിപിഐഎം നേതാവ് പി ശശിയുടെ വക്കീൽ നോട്ടീസ്. വാർത്താ സമ്മേളനത്തിൽ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശിയുടെ പരാതി.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശൻ പി ശശിക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇടതുഭരണത്തിന്റെ അന്തകനായത് പി ശശിയാണെന്ന് വെള്ളാപ്പള്ളി തുറന്നിടിച്ചിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ കത്ത് വന്നാൽ പോലും പരിഗണിക്കില്ല. വലിയ ധാർഷ്‌ട്യമാണ്. പലിശ രാജാവാണ്, മുഖ്യമന്ത്രി അറിയാതെ പാരലൽ ഭരണം നടത്തി, സമ്പന്നർക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക പരിഗണന നൽകി തുടങ്ങിയ അതിരൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി പി ശശിക്കെതിരെ നടത്തിയത്.
വെള്ളാപ്പള്ളിയുടെ വാർത്താ സമ്മേളനത്തിലെ ആരോപണം തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതിന് ദുരുദ്ദേശ്യത്തോടെ പടച്ചുണ്ടാക്കിയതാണെന്ന് പി ശശി വക്കീൽ നോട്ടീസിൽ പറയുന്നു. ദീർഘകാലമായി പൊതുപ്രവർത്തനം നടത്തുന്ന വിദ്യാസമ്പന്നനായ തനിക്ക് ഈ ആരോപണം വലിയ മാനഹാനി ഉണ്ടാക്കിയെന്നും അഡ്വ.കെ വിശ്വൻ മുഖേന അയച്ച വക്കീൽ നോട്ടീസിൽ പി ശശി പറയുന്നുണ്ട്.
പ്രസ്താവന പിൻവലിച്ച് ഖേദപ്രകടനം നടത്തണമെന്നും ആരോപണം ഉന്നയിച്ച അതേ പ്രാധാന്യത്തിൽ ഇക്കാര്യം പൊതുസമൂഹത്തിൽ അറിയിക്കണമെന്നും വെള്ളാപ്പള്ളിയോട് പി ശശി വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ തുടർനടപടികൾ ഉണ്ടാകുമെന്നും പി ശശി വെള്ളാപ്പള്ളിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
