പ്ലസ് ടു തലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രധാന വിഷയമായി പഠിച്ച വിദ്യാർത്ഥികൾ ബിരുദ പ്രവേശനത്തിൽ പ്രതിസന്ധി നേരിടുന്നതായി പരാതി. എഐ പഠിച്ചവർക്ക് അതേ വിഷയത്തിലുള്ള ബിരുദ പഠനത്തിന് അവസരമില്ല.ബിരുദ പഠനത്തിനുള്ള അപേക്ഷയിൽ എഐക്ക് ഒപ്പം മറ്റ് വിഷയങ്ങൾ മാനദണ്ഡമാക്കിയതാണ് പ്രതിസന്ധിക്ക് കാരണം.സംസ്ഥാനത്തെ 25 ൽ അധികം സിബിഎസ്ഇ സ്കൂളുകളിൽ പ്ലസ്ടു വിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രത്യേക വിഷയമായി തെരഞ്ഞടുത്തു പഠിക്കാം. നിരവധി വിദ്യാർത്ഥികൾ എഐ പഠിക്കുകയും ഉന്നത മാർക്ക് നേടി വിജയം സ്വന്തമാക്കുകയും ചെയ്തു. പക്ഷേ ഉപരിപഠനം എന്നത് അവർക്ക് മുന്നിൽ കൊട്ടിയടക്കുകയാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം.
സംസ്ഥാനത്ത് കാലിക്കറ്റ്, എം ജി സർവകലാശാലകളിൽ എഐ കോഴ്സുകൾ ഉണ്ട്. പക്ഷെ എഐ ക്ക് ഒപ്പം മറ്റ് വിഷയങ്ങൾ മാനദണ്ഡമാക്കിയതിനാൽ എഐ പ്രത്യേക വിഷയം ആയി പഠിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷക്കാൻ കഴിയില്ല. ബിഎസ് സി എഐ കോഴ്സിന് അപേക്ഷിക്കാൻ മാത്സ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി എന്നീ വിഷയങ്ങളിലേതെങ്കിലും പ്ലസ് ടുവിന് പഠിക്കണമെന്നാണ് നിലവിലുള്ള മാനദണ്ഡം. ഇതോടെ പ്ലസ് ടു തലത്തിൽ എഐ ഒരു പ്രധാന വിഷയമായി പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ പെരുവഴിയിലായി. ബിരുദ പഠനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തിയ്യതി ഉടൻ അവസാനിക്കും. അതിന് മുമ്പ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
