സംസ്ഥാനത്ത് ടൈപ്പ് 1 ഡയബറ്റിസ് ബാധിതരായ കുഞ്ഞുങ്ങൾക്കായുള്ള മിഠായി പദ്ധതി നിലച്ചിട്ട് രണ്ട് വർഷം പിന്നിടുന്നു.സംസ്ഥാനത്ത് 18 വയസിൽ താഴെയുള്ള ടൈപ്പ് 1 ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് സൗജന്യമായി മരുന്നുകൾ നൽകുന്ന പദ്ധതിയാണ് മിഠായി. കുട്ടികൾക്ക് വേണ്ട ഇൻസുലിൻ, സ്ട്രിപ്പ്, നീഡിൽ, സിജിഎം എന്നിവ സൗജന്യമായി നൽകുന്ന പദ്ധതിയാണ് നിലച്ചിട്ട് രണ്ട് വർഷമാകുന്നത്. മാസം 20000 ലേറെ രൂപ ചെലവു വരുന്ന ചികിൽസക്കായി പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് രക്ഷിതാക്കൾ. പുതിയ സർക്കാരിലാണ് ഇനി ഇവുടെ പ്രതീക്ഷ .നിലവിൽ 1980 കുട്ടികളാണ് പദ്ധതിയിൽ അംഗമായിട്ടുള്ളത്. ഓരോ മാസവും കൂടുതൽ കുട്ടികളെത്തുന്നതായാണ് കണക്ക്. കുട്ടികൾക്ക് വീടിനടുത്തുള്ള സ്കൂളുകളിൽ അഡ്‌മിഷൻ നൽകുന്നതിനും ഇൻസുലിൻ പമ്പ് സൗജന്യമായി ലഭിക്കുന്നതിനുമടക്കം സർക്കാർ ഇടപെടണമെന്ന ആവശ്യവും രക്ഷിതാക്കൾ മുന്നോട്ട് വെക്കുന്നു. ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും രക്ഷിതാക്കൾ നിവേദനം നൽകിയിട്ടുണ്ട്.
