സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനത്തിനെതിരെ പോലീസ് നടപ്പാക്കുന്ന “ഓപ്പറേഷൻ തൂഫാൻ” തുടരുന്നു. വിവിധ ജില്ലകളിലായി നടത്തിയ പ്രത്യേക പരിശോധനകളിൽ ലഹരി വിൽപ്പന സംഘത്തിലെ നിരവധി പേർ പിടിയിലായി.മലപ്പുറം തിരൂരിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ ബസ് തകർത്ത സംഭവത്തിൽ ഓട്ടോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ ആലത്തിയൂരിലാണ് സംഭവം. ബസും ഓട്ടോയും തമ്മിൽ ഉണ്ടായ ഉരസലിനെ തുടർന്ന് ഉണ്ടായ തർക്കം ലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവർ ഇരുമ്പ് വടി ഉപയോഗിച്ച് ബസിന്റെ ചില്ല് അടിച്ച് തകർക്കുകയായിരുന്നു. സംഭവത്തിൽ ചമ്രവട്ടം സ്വദേശി പീടിയേക്കൽ ഹബീബ് അറസ്റ്റിലായി.
കോഴിക്കോട് എംഡിഎംഎ വില്‍പ്പന നടത്തിയ മൂന്ന് പേരാണ് പിടിയിലായത്. എലത്തൂര്‍ മാട്ടുവയലില്‍ ഉജ്ജ്വല്‍, ആദര്‍ശ്, അരുണ്‍ എന്നിവരാണ് പിടിയിലായത്. കൊയിലാണ്ടി വെങ്ങളത്ത് വാടക വീട് കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. ഇവരിൽ നിന്ന് 18 ഗ്രാം എംഡിഎംഎയും, കഞ്ചാവും പിടിച്ചെടുത്തു. മലപ്പുറം കാവനൂരിൽ ഹെറോയിനുമായാണ് യുവതിയടക്കം രണ്ട് പേർ പിടിയിലായത്. വിദ്യാർത്ഥികൾക്ക് വില്പന നടത്താൻ ശ്രമിച്ച ഹെറോയിനാണ് പിടികൂടിയത്. ആസ്സാം സ്വദേശികളായ മഞ്ച്വാര ബീഗം, റാഷിദുൽ ഹഖ് എന്നിവരാണ് പിടിയിലായത്.ഇവരിൽ നിന്നും 1.48 ഗ്രാം ഹെറോയിൻ പിടികൂടി.
അന്തർ സംസ്ഥാന ലഹരി കടത്തു സംഘത്തിലെ പ്രധാന കണ്ണികളാണ് ഇരുവരും. മലപ്പുറം കൊണ്ടോട്ടിയിൽ ഫ്ലാറ്റിൽ നിന്നും മാരകായുധങ്ങളും ലഹരിമരുന്നും പോലീസ് പിടികൂടി. കൊണ്ടോട്ടി തുറക്കൽ സ്വദേശി കരപറമ്പത്ത് വീട്ടിൽ ജസീം, മേലങ്ങാടി സ്വദേശി സാജിദ് (30) എന്നിവരാണ് പിടിയിലായത്. വില്പനക്കായി സൂക്ഷിച്ച എംഡിഎംഎ, കഞ്ചാവ് എയർഗൺ ഉൾപ്പടെയുള്ള ആയുധങ്ങൾ എന്നിവയാണ് പോലീസ് പിടികൂടിയത്.
