സെൻസസ് ഡ്യൂട്ടിയിൽ വലഞ്ഞ് അധ്യാപകർ. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മൂന്നിലൊന്ന് അധ്യാപകർക്കും സെൻസസ് ഡ്യൂട്ടിയാണെന്ന ആരോപണവുമായി അധ്യാപകർ രംഗത്തെത്തി. ജൂലൈ ഒന്ന് മുതൽ സെൻസസ് ഡ്യൂട്ടി ആരംഭിക്കുന്നത് ഓണപ്പരീക്ഷയെ പരീക്ഷയെ അടക്കം ബാധിക്കുമോയെന്നാണ് ആശങ്ക.
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അറുപതിനായിരം അധ്യാപകർക്കാണ് സെൻസസ് ഡ്യൂട്ടി ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ സംസ്ഥാനത്ത് ഒരു ലക്ഷത്തി എഴുപത്തയ്യായിരം അധ്യാപകരാണ് ആകെയുള്ളത്. മൂന്നിലൊന്ന് അധ്യാപകർക്കും സെൻസസ് ഡ്യൂട്ടി എടുക്കേണ്ടി വരുമെന്നർത്ഥം. ഇത് ഓണപ്പരീക്ഷയെ അടക്കം ഗുരുതരമായി ബാധിക്കുമെന്ന പരാതിയുമായി അധ്യാപകർ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെ സമീപിച്ചിട്ടുണ്ട്.
ജൂലൈ ഒന്ന് മുതൽ 30 വരെയാണ് സെൻസസ് നടക്കുന്നത്. ഒരു അധ്യാപകൻ 200 വീടുകളുള്ള ഒരു ക്ലസ്റ്റർ പൂർത്തിയാക്കണം. ജോലി ഭാരവും കൂടുതലാണെന്നാണ് അധ്യാപകർ പരാതിപ്പെടുന്നത്. താത്കാലിക അധ്യാപകരെയെങ്കിലും നിയമിച്ച് സ്‌കൂളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആവശ്യം.
