കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു. ഫറൂഖ് സ്വദേശിയായ 40 കാരനാണ് നിലവിൽ രോഗം ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇദ്ദേഹം. രോഗലക്ഷണങ്ങളിൽ സംശയം തോന്നിയ ഡോക്ടർമാർ ശ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.
സ്ഥിതിഗതി വിലയിരുത്താൻ നാളെ തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേരും. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹത്തെ ഐസലേഷനിലാക്കി. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് മന്ത്രി കെ മുരളീധരന്‍ അറിയിച്ചിരുന്നു. ആരോഗ്യ വകുപ്പ് എല്ലാ വിധ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം സജ്ജമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
