കോഴിക്കോട് ദേശീയപാത 66-ൽ വൺവേ തെറ്റിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ആർടിസി. ബസ് ഡ്രൈവറെയും കണ്ടക്ടറെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.സൂപ്പർഫാസ്റ്റ് ഡ്രൈവർ ഷാ, കണ്ടക്ടർ ഗോഡ് വിൻരാജ് എന്നിവരെയാണ് നീക്കിയത്.ഗതാഗത നിയമലംഘനത്തിന് ഡ്രൈവർക്കെതിരെ സിറ്റി പൊലീസ് കേസെടുത്തു.
നെയ്യാറ്റിൻകര ഡിപ്പോയിലെ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് ഇക്കഴിഞ്ഞ നാലാം തിയ്യതി കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ നിന്ന് വൺവേ തെറ്റിച്ച് ഓടിയത്. മൂന്ന് കിലോമീറ്ററോളം വൺവേ തെറ്റിച്ച് ഓടിയത് ഫാസ്ടാഗിൽ പണമില്ലാത്തതിനെ തുടർന്നാണെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണം. നിയമലംഘനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവരികയും വാർത്തയാകുകയും ചെയ്തതോടെ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം തുടങ്ങി. സ്പീഡ് ട്രാക്കിലൂടെയടക്കം ബസ് വൺവേ തെറ്റിച്ച് ഓടിച്ചെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരായ നടപടി. സംഭവത്തിൽ തുടരന്വേഷണം നടക്കുന്നുണ്ടെന്നും കെഎസ്ആർടിസി സിഎംഡി അറിയിച്ചു. കെഎസ്ആർടിസി ബസുകൾക്കെല്ലാം ഫാസ്ടാഗ് ഉറപ്പാക്കിയിട്ടുണ്ടെന്നും അക്കൗണ്ട് ബാലൻസ് ഉണ്ടായിരുന്നില്ലെന്ന വിശദീകരണം പരിശോധിക്കുമെന്നും ഡിപ്പോ അധികൃതർ പറഞ്ഞു. പുറത്തുവന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് ഗതാഗതനിയമലംഘനത്തിന് കേസെടുത്തിട്ടുണ്ട്.
