നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മർദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. ഇതിനായി അഡ്വക്കേറ്റ് ജനറൽ, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരിൽ നിന്ന് സർക്കാർ നിയമോപദേശം തേടി.
നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണമാൻമാർ ആലപ്പുഴയിൽ നടത്തിയ രക്ഷാപ്രവർത്തന കേസിലെ അഞ്ച് പ്രതികള്‍ക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഇന്നലെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലവിലെ ഗൺമാൻ കൂടിയായ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസിന്റേതായിരുന്നു ഉത്തരവ്. ഇതിനെതിരെയാണ് ഹൈക്കോടതിയെ സമീപിക്കാനുള്ള സർക്കാരിന്റെ നീക്കം. മുൻകൂർ ജാമ്യം റദ്ദാക്കാനാണ് ശ്രമം.
2023 ഡിസംബറിലാണ് മർദനം നടന്നത്. നവകേരള ബസ് യാത്രക്കിടെ കരിങ്കൊടി കാണിക്കാൻ നിന്ന കെഎസ്‌യു ജില്ലാ പ്രസിഡന്റും നിലവിൽ ആലപ്പുഴ എംഎൽഎയുമായ എ ഡി തോമസിനെയും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് ജൂവൽ കുര്യാക്കോസിനെയും വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന ഗൺമാൻമാർ തലങ്ങും വിലങ്ങും മർദിക്കുകയായിരുന്നു. മർദന ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും അത് രക്ഷാപ്രവർത്തനം ആണെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. യുഡിഎഫ് സർക്കാർ വന്നശേഷം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിക്കുകയും കേസിൽ വലിയ അട്ടിമറികൾ നടന്നുവെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. കേസ് ഡയറിയിൽ അടക്കം മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് തിരുത്തൽ വരുത്തി എന്നും കണ്ടെത്തിയിരുന്നു.
