പി എം ശ്രീയിൽ നിലപാട് വ്യക്തമാക്കാതെ സർക്കാർ. പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. വിശദമായ ചർച്ചകൾക്ക് ശേഷമേ സർക്കാർ അന്തിമ തീരുമാനം എടുക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പി എം ശ്രീ പദ്ധതിയിൽ വലിയ വിമർശനങ്ങൾ ഉന്നയിച്ച യുഡിഎഫിന് ഇന്ന് കൃത്യമായ മറുപടിയില്ല. രാഷ്ട്രീയ നിലപാടിൽ വെള്ളം ചേർത്ത് പദ്ധതിയുമായി മുന്നോട്ട് പോകില്ല എന്ന് പറയുമ്പോഴും പദ്ധതിയിൽ നിന്ന് പിൻവാങ്ങും എന്ന് ഉറപ്പിച്ച് പറയാൻ വിദ്യാഭ്യാസ മന്ത്രിക്ക് കഴിയുന്നില്ല. കഴിഞ്ഞ ഗവൺമെന്റാണ് കരാറിൽ ഒപ്പുവച്ചതെന്നും എന്ത് ചെയ്യുമെന്ന് ആലോചിക്കും എന്നും എൻ ഷംസുദ്ദീൻ പറഞ്ഞു.
പണം കിട്ടിയില്ലെന്ന മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രസ്താവന തെറ്റാണെന്ന് പറഞ്ഞ എൻ ഷംസുദ്ദീൻ, 93 കോടി രൂപ കേന്ദ്രം ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. അടിയന്തരമായി പരിഗണിക്കേണ്ട കാര്യമല്ല ഇതെന്നും വിശദമായി യുഡിഎഫിൽ ആലോചിച്ച ശേഷം മാത്രമേ നടപടി ഉണ്ടാകൂ എന്നും മന്ത്രി അറിയിച്ചു.
എംഎസ്എഫ് അടക്കമുള്ള വിദ്യാർഥി പ്രസ്ഥാനങ്ങൾ പി എം ശ്രീക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ എംഎസ്എഫിന്റെ നിലപാടിനോടുള്ള അതൃപ്തി മന്ത്രിയുടെ വാക്കുകളിൽ പ്രകടമായിരുന്നു.
