സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നടത്തിയ നിയമനം വിവാദത്തിലേക്ക്. കമ്മിറ്റിയിൽ സ്ഥിരമായി അംഗീകരിച്ചിട്ടില്ലാത്ത അസിസ്റ്റന്റ് സെക്രട്ടറി തസ്തികയിലേക്ക് കാലിക്കറ്റ് സർവകലാശാലയിലെ സെക്ഷൻ ഓഫീസറെ നിയമിച്ചെന്നാണ് ആരോപണം. മുസ്ലിം ലീഗ് സംഘടനാ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥന് അനുകൂലമായി ചട്ടങ്ങൾ മറികടന്നാണ് നിയമനം നൽകിയതെന്നും ആക്ഷേപമുണ്ട്. നിലവിലെ സേവന ചട്ടങ്ങൾ പ്രകാരം സ്ഥിരം തസ്തികകളിൽ മാത്രമേ ഡെപ്യൂട്ടേഷൻ നിയമനം നൽകാനാവൂ എന്നതാണ് ചട്ടം. എന്നാൽ അസിസ്റ്റൻ്റ് സെക്രട്ടറിയുടെത് സ്ഥിരം തസ്തികയല്ലാത്തതിനാൽ ഡെപ്യൂട്ടേഷൻ നിയമനം സാധ്യമല്ല.
നിലവിൽ ഹജ്ജ് കമ്മിറ്റിയിൽ നാല് ക്ലർക്ക്, ഒരു ടൈപിസ്റ്റ്, ഒരു പ്യൂൺ അടക്കം ആറ് തസ്തികകളാണ് ഹജ്ജ് കമ്മറ്റിയിലുള്ളത്.സർക്കാർ സർവീസിൽ ഡെപ്യൂട്ടി സെക്രട്ടറിക്ക് സമാന പദവിയിലുള്ളവരാണ് സിഇഒ ആകുക. നിലവിൽ മലപ്പുറം കലക്‌ടറാണ് സിഇഒർ. മറ്റ് ആറ് തസ്‌തികയിലേക്ക് ഡെപ്യൂട്ടേഷൻ സാധ്യമാകൂ.സർവ്വകലാശാലയിൽ വലിയ ശമ്പളത്തിൽ സെക്ഷൻ ഓഫീസർ തസ്തികയിൽ ജോലി നോക്കുന്ന ഉദ്യോഗസ്ഥനെ ക്ലർക്ക് ടൈപിസ്റ്റ് പ്യൂൺ തസ്തികകളിനൊന്നും നിയമിക്കാൻ കഴിയില്ലെന്നായതോടെയാണ് സ്ഥിരമല്ലാത്ത അസിസ്റ്റൻ്റ് സെക്രട്ടറിയുടെ തസ്തികയിലേക്ക് നിയമിച്ചത്.സ്ഥിരം തസ്തികയല്ലാത്തതിനാൽ സർക്കാർ ശമ്പളം ലഭിക്കില്ല. ശമ്പളം നൽകാൻ ഹജ്ജ് കമ്മിറ്റിക്കുള്ള ബജറ്റ് വിഹതം വകമാറ്റി ചെലവഴിക്കേണ്ടിവരും.എന്നാൽ സർക്കാർ ഉത്തരവ് പരിഗണിച്ച് നിയമനം നൽകുക മാത്രമാണ് ചെയ്തതെന്നാണ് ജില്ലാ കളക്ടറുടെ വിശദീകരണം.
