നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും എൽഡിഎഫ് മുന്നണിക്കും നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ കടുത്ത വിമർശനങ്ങൾ. ഭരണവിരുദ്ധ വികാരവും സ്ഥാനാർത്ഥി നിർണയത്തിലെ അപാകതകളും തോൽവിക്ക് പ്രധാന കാരണങ്ങളായിരുന്നുവെന്നാണ് യോഗത്തിൽ ഉയർന്ന വിലയിരുത്തൽ.മണ്ഡലം കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് പരാജയം വിശദമായി ചർച്ച ചെയ്യാനായിരുന്നു ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേർന്നത്. എന്നാൽ ചർച്ച പുരോഗമിച്ചതോടെ സംസ്ഥാന നേതൃത്വത്തിനെതിരെയും പാർട്ടി പ്രവർത്തന രീതിക്കെതിരെയും രൂക്ഷ വിമർശനങ്ങളാണ് അംഗങ്ങൾ ഉന്നയിച്ചത്.
പാർട്ടിയെ നിയന്ത്രിക്കുന്നത് കോക്കസുകളാണെന്നും സംസ്ഥാന സെക്രട്ടറി കോക്കസ് രാഷ്ട്രീയത്തിന്റെ സ്വാധീനത്തിലാണെന്നുമായിരുന്നു ചില അംഗങ്ങളുടെ വിമർശനം. സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്നും നിലവിലെ സെക്രട്ടറിയേറ്റിൽ ഏകാധിപത്യ പ്രവണതകളാണുള്ളതെന്നും യോഗത്തിൽ അഭിപ്രായങ്ങൾ ഉയർന്നു.
അഞ്ച് മണ്ഡലങ്ങളിലെ പരാജയത്തിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. രാജേന്ദ്രനും ചിഞ്ചു റാണിയും ഉത്തരവാദികളാണെന്ന വിമർശനവും ചില അംഗങ്ങൾ ഉന്നയിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിലെ സംഘടനാപരവും രാഷ്ട്രീയവുമായ കാരണങ്ങൾ സംബന്ധിച്ച് വിശദമായ ചർച്ചയാണ് യോഗത്തിൽ നടന്നത്. പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച വിവാദവും യോഗത്തിൽ ചർച്ചയായി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നയപരമായ വിഷയമല്ലെന്നും അതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ മാധ്യമങ്ങളിലൂടെ ഉന്നയിച്ചത് ശരിയായില്ലെന്നുമാണ് അംഗങ്ങളുടെ നിലപാട്. മുന്നണിക്കുള്ളിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കരുതെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.ഏകദേശം 11 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്ക് ശേഷമാണ് ജില്ലാ എക്സിക്യൂട്ടീവ് യോഗം അവസാനിച്ചത്..
