റെഡ് അലേർട്ട് പ്രഖ്യാപിച്ച വടക്കൻ കേരളത്തിലെ ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. കോഴിക്കോട്.കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ കനത്തമഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തൊട്ടുമുക്കത്ത് വീടിൻ്റെ മതിൽ ഇടിഞ്ഞു വീണു, ആളപായമില്ല. കണ്ണൂരിൽ മാർക്കറ്റ് റോഡിലെ കടകളിലും, യൂണിവേഴ്സിറ്റിക്ക് സമീപത്തെ താഴ്ന്ന പ്രദേശത്തെ വീടുകളിലും വെള്ളം കയറി. തളാപ്പ് എൽഐസി റോഡിന് സമീപത്തെ പഴയ കെട്ടിടവും മതിലും മഴയിൽ നിലംപതിച്ചു. കാസർഗോഡ് ജില്ലയിലും ഇടവിട്ടുള്ള ശക്തമായ മഴ തുടരുന്നുണ്ട്.പാലക്കാട് പരുത്തിപുള്ളി തൃത്താമര ക്ഷേത്രത്തിനു സമീപം മരം കടപുഴകി വീണു.വൈദ്യുതി ബന്ധം താറുമാറായി. തൃത്താമര സ്വദേശി ചന്ദ്രന്റെ വീടിനോട് ചേർന്നുള്ള ശുചിമുറി പൂർണ്ണമായി തകർന്നു.മലപ്പുറത്ത് മലയോര മേഖലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ഇടവിട്ടുള്ള ശക്തമായ മഴയാണ് ജില്ലയിൽ തുടരുന്നത്.നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വയനാട്ടിൽ സ്ഥിതി ശാന്തമാണ്.
അതേസമയം സംസ്ഥാനത്ത് നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നും റെഡ്, ഓറഞ്ച് അലേർട്ട് ഉണ്ടാവില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെയും വടക്കൻ ജില്ലകളിൽ മാത്രമായി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ യെല്ലോ അലേർട്ട് ആണ് നിലനിൽക്കുന്നത്. മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ആയിരിക്കും യെല്ലോ അലേർട്. ഉരുൾപൊട്ടൽ മണ്ണിടിച്ചൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
