കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവാരോപണം. പ്രസവത്തിനിടെ നവജാത ശിശുവിന്റെ തോളെല്ല് പൊട്ടിയതായും പരിക്ക് തിരിച്ചറിഞ്ഞിട്ടും ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായതായുമാണ് കുഞ്ഞിന്റെ കുടുംബത്തിന്റെ പരാതി. പരിക്ക് ശ്രദ്ധയിൽപ്പെട്ടിട്ടും ഏകദേശം 24 മണിക്കൂറിന് ശേഷമാണ് ആവശ്യമായ ചികിത്സ ലഭിച്ചതെന്നും ഇത്രയും സമയം കുഞ്ഞ് കടുത്ത വേദന അനുഭവിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു.മെയ് പതിനാലിനാണ് കോഴിക്കോട് കക്കോടി സ്വദേശിനിയായ അമല മെഡിക്കൽ കോളജിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവ സമയത്ത് കുഞ്ഞിന്റെ തോളെല്ലിന് പരിക്കേറ്റതായി ഡോക്ടർമാർ തമ്മിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് അമ്മ അമല പറയുന്നു.
പ്രസവം ഉച്ചയ്ക്ക് നടന്നെങ്കിലും രാത്രി വൈകിയാണ് എല്ലുരോഗ വിദഗ്ധൻ കുഞ്ഞിനെ പരിശോധിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. പരിശോധനയ്ക്ക് ശേഷവും ഉടൻ ചികിത്സ നൽകിയില്ലെന്നും അടുത്ത ദിവസമാണ് കുഞ്ഞിന്റെ കൈയിൽ പ്ലാസ്റ്റർ ഇട്ടതെന്നും കുടുംബം ആരോപിക്കുന്നു. ഇത്രയും സമയം കുഞ്ഞ് വേദനകൊണ്ട് പുളയുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.സംഭവത്തിൽ ചികിത്സാ പിഴവും ചികിത്സ വൈകിയതും ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതർക്കും ആരോഗ്യ മന്ത്രിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.അതേസമയം, പ്രസവത്തിനിടെ നവജാതശിശുവിൻ്റെ എല്ല് പൊട്ടുന്നത് വീഴ്ചയല്ലെന്നും സ്വാഭാവികമായി സംഭവിക്കാവുന്ന കാര്യമാണെന്നുമാണ് അധികൃതരുടെ വിശദീകരണം
