കംബോഡിയയിലെ സൈബർ തട്ടിപ്പ് സംഘത്തിനായി മലയാളികളെ ഉൾപ്പെടെ റിക്രൂട്ട് ചെയ്ത പ്രധാന ഏജന്റ് കൊച്ചി സൈബർ പൊലീസിന്റെ പിടിയിൽ. മാട്രിമോണിയൽ സൈറ്റിൽ വ്യാജ പ്രൊഫൈൽ തയ്യാറാക്കി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസിൽ പാലക്കാട് സ്വദേശി അബ്ദു റഹ്മാനാണ് പിടിയിലായത്. രാജ്യത്തെ പല സൈബർ തട്ടിപ്പ് കേസുകളിലും, പിടിയിലായ അബ്ദു റഹ്മാന് പങ്കുണ്ടെന്നാണ് നിഗമനം.
പാലക്കാട് തൂത സ്വദേശിയായ അബ്ദു റഹ്മാനെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. എറണാകുളം സ്വദേശിയായ ഡോക്ടറെ മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട് ട്രേഡിംഗിന്റെ പേരിൽ 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സൈബർ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയും കംബോഡിയയിൽ നിന്നും ഡിജിറ്റൽ അറസ്റ്റ് ഉൾപ്പെടെയുള്ള തട്ടിപ്പുകൾ നിയന്ത്രിച്ചിരുന്ന സംഘത്തിലെ പ്രധാനിയുമാണ് അബ്ദു എന്ന അബ്ദു റഹ്മാൻ.
2022 മുതൽ കംബോഡിയയിൽ തട്ടിപ്പുകേന്ദ്രത്തിൽ ജോലി ചെയ്തുവരികയാണ് അബ്ദു. തുടക്കത്തിൽ ഇരകളുമായി ആശയവിനിമയമായിരുന്നു പ്രധാന ജോലി. ഇതിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ചൈനീസ് ബോസ് അബ്ദുവിനെ ടീം ലീഡറാക്കി സ്ഥാനക്കയറ്റം നൽകി. ഇതോടെയാണ് അബ്ദു ഇന്ത്യയിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യാൻ തുടങ്ങിയത്. നൂറ് കണക്കിന് യുവാക്കളെയാണ് ഇത്തരത്തിൽ കംബോഡിയയിൽ എത്തിച്ചത്. തട്ടിപ്പിൽ അബ്ദുവിന്റെ പങ്ക് മനസ്സിലാക്കിയ സൈബർ പൊലീസ് ലൂക്കൗട്ട് സർക്കുലർ പുറത്തിറക്കി. ഇതറിയാതെ നാട്ടിലെത്താൻ നടത്തിയ നീക്കമാണ് അബ്ദുവിന്റെ അറസ്റ്റിലേക്ക് നയിച്ചത്.
ഇന്ത്യയെ ലക്ഷ്യം വച്ച് നടക്കുന്ന സൈബർ തട്ടിപ്പിൻ്റെ കേന്ദ്രം കംബോഡിയ ആണ്. ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്ന ഇത്തരം തട്ടിപ്പ് സംഘത്തിൽ നിരവധി ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. ഇന്ത്യയിൽ നിന്ന് യുവാക്കളേയും യുവതികളേയും വിസിറ്റിംഗ് വീസയിൽ തായ്ലാൻ്റ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ എത്തിച്ച ശേഷം റോഡ് മാർഗം കംബോഡിയയിൽ എത്തിച്ചാണ് തട്ടിപ്പ്. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിൻ്റെയും മറ്റും പേരിൽ വീസ തയ്യാറാക്കുകയും തുടർന്ന് ഇത്തരത്തിലുള്ള തട്ടിപ്പുകേന്ദ്രങ്ങളിൽ ജോലി ചെയ്യിക്കുകയുമാണ് രീതി. തട്ടിപ്പിനുള്ള സ്പെഷ്യൽ പരിശീലനം ഇത്തരത്തിൽ എത്തുന്നവർക്ക് നൽകുന്നുണ്ട്.
ആദ്യ കാലങ്ങളിൽ സോഷ്യൽ മീഡിയ വഴി നൽകുന്ന ട്രേഡിംഗിന്റെയും ലോൺ ആപ്പുകളുടെയും പരസ്യങ്ങളിലൂടെയാണ് ഇരകളെ കണ്ടെത്തിയിരുന്നത്. എന്നാൽ പൊലീസും സർക്കാർ സംവിധാനങ്ങളും സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയതോടെ ഇത്തരം തട്ടിപ്പുകൾ പൊളിഞ്ഞു. ഇതോടെയാണ് പ്രതികൾ മാട്രിമോണിയൽ പ്ലാറ്റ്ഫോമിലേക്ക് മാറിയത്. മാട്രിമോണിയൽ പ്ലാറ്റ്ഫോമുകളിൽ സ്ത്രീകളുടേയും പുരുഷൻമാരുടേയും പേരിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ച് ആളുകളെ ബന്ധപ്പെടും . വിവാഹം എന്ന പേരിൽ ബന്ധപ്പെട്ട് സൗഹൃദത്തിലായ ശേഷം ഭാവിയിലേക്കുള്ള സേവിംഗ്സ് എന്ന പേരിൽ ട്രേഡിംഗ് നടത്താൻ നിർദേശിക്കും. ഭാവി വരനോ വധുവോ ആവശ്യപ്പെടുന്നതിനാൽ പലരും ഈ തട്ടിപ്പിൽ വീണുപോകുന്നു. ആയിരത്തിലധികം വ്യാജ പ്രൊഫൈലുകളാണ് മാട്രിമോണിയൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് കൊച്ചി സൈബർ പൊലീസ് നീക്കം ചെയ്തത്.
