തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പ്രതികൾക്ക് കുരുക്ക് മുറുകുന്നു. പ്രതികൾക്കെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി. കുഞ്ഞിനെ അഷ്കറും അഖിലയും നിരന്തരം മർദിച്ചിരുന്നു എന്ന് പൊലീസ് കണ്ടെത്തി. കൈകള്‍ ഒടിഞ്ഞ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് 12 ദിവസത്തിന് ശേഷമാണെന്നും കണ്ടെത്തൽ. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പേ കുഞ്ഞിന് പനി തുടങ്ങിയിരുന്നു. പനി ബാധിച്ച കുഞ്ഞിനെ ചികിത്സിക്കാതെ മധുരയിലേക്ക് കൊണ്ടുപോയി. തിരിച്ച് വരുമ്പോഴേക്കും കുട്ടി അബോധാവസ്ഥയിൽ ആയിരുന്നതായും, ഭക്ഷണം കൊടുത്ത ശേഷം കുഴഞ്ഞുവീഴുകയായിരുന്നു എന്നുമാണ് അഷ്‌കർ പൊലീസിനോട് പറഞ്ഞത്.
ഒന്നര വയസുകാരനെ ക്രൂരമായി മർദിച്ചെന്ന് പ്രതി അഷ്കർ പൊലീസിനോട് സമ്മതിച്ചിരുന്നു. അതിന് അമ്മ അഖിലയുടെ മൗനസമ്മതവും ഉണ്ടായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. അഖിലയും പലപ്പോഴായി കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു. ആ പിഞ്ചുശരീരത്തിൽ 91 മുറിവുകളെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. മരണകാരണം നെഞ്ചിനും തലയ്ക്കുമേറ്റ ക്ഷതം. അഷ്‌കർ കുട്ടിയെ ലൈറ്റർ ഉപയോഗിച്ച് കാലിനടിയിൽ പൊള്ളിച്ചു. സൈക്കിളിൽ നിന്ന് വീണാണ് കുഞ്ഞിന്റെ കൈയൊടിഞ്ഞത് എന്നാണ് മൊഴി നൽകിയത്. പക്ഷേ, കയ്യൊടിഞ്ഞ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായത് 12 ദിവസത്തിന് ശേഷം. അഖിലയ്ക്കെതിരെയും കൊലപാതകം, ജുവനൈൽ ജസ്റ്റിസ് ആക്ട്, എസ് സി-എസ് ടി അട്രോസിറ്റി ആക്ട് എന്നിവയും ചുമത്തും.
