കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ഏറ്റെടുത്ത പ്രത്യേക അന്വേഷണ സംഘം പോലീസ് അന്വേഷണ റിപ്പോർട്ട് വിശദമായി പഠിക്കും.തുടർന്നാകും കേസിൽ ഇത് വരെ ചോദ്യം ചെയ്തവരുടെയടക്കം മൊഴി വീണ്ടും രേഖപ്പെടുത്തുക. സമാന്തരമായി സൈബർ വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണവും നടത്തും.സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കപ്പെട്ട വാട്സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളുടെ സമഗ്രവിവരം മെറ്റയിൽ നിന്ന് ലഭ്യമാക്കാനുമാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം. ഫോർവേർഡഡ് മെസേജുകളായാണ് നിലവിൽ പോസ്റ്റ് ആദ്യഘട്ടത്തിൽ തന്നെ ഷെയർ ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. ഒടുവിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് റിബേഷിൽ അന്വേഷണം എത്തിയെങ്കിലും റിബേഷിന് എവിടെ നിന്ന് സ്ക്രീൻ ഷോട്ട് ലഭിച്ചു എന്ന് കണ്ടെത്താനാകാതെ അവസാനിപ്പിക്കുകയായിരുന്നു. റിബേഷിൻ്റേത് അടക്കം മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധന ഫലം പൂർണമായും ലഭിക്കാത്തതാണ് തിരിച്ചടി ആയതെന്നുമാണ് വിശദീകരണം. ഇതോടെ കേസിൽ ഉൾപ്പെട്ട മൊബൈൽ ഫോണുകളുടെ ശാസ്ത്രീയപരിശോധന ഫലം കേസിൽ നിർണായകമാകും.
കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക. പ്രതികളിലേക്ക് എത്താൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് പാറക്കൽ അബ്ദുള്ള എം.എൽ.എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകിയിരുന്നു. വടകര ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിച്ചത്. എംഎസ്എഫ് നേതാവായ മുഹമ്മദ് കാസിം ആണ് സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു ആരോപണം.
