സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ലക്ഷ്യമിട്ട് ഗുരുതര ആരോപണവുമായി അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ കുടുംബം. സിപിഐഎമ്മിന്റെ ഉന്നത നേതൃത്വം അവഗണിക്കുന്നു എന്ന് തുറന്നുപറഞ്ഞ് കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ. പച്ചക്കുതിര മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കോടിയേരിയുടെ ഭാര്യയുടെ തുറന്നുപറച്ചിൽ.
കോടിയേരി ബാലകൃഷ്ണൻ മരിച്ച ശേഷം കുടുംബത്തെ സിപിഐഎം തിരിഞ്ഞ് പോലും നോക്കിയില്ലെന്നാണ് ഭാര്യ വിനോദിനിയുടെ ആരോപണം. എംവി ഗോവിന്ദനെ ലക്ഷ്യമിട്ട് ഗുരുതര ആരോപണവും വിനോദിനി ബാലകൃഷ്ണൻ ഉയർത്തി. കേരളത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന പിബി അംഗത്തിൽ നിന്ന് ക്രൂരമായ അവഗണന നേരിട്ടു. ആവശ്യത്തിന് വിളിച്ചാൽ പോലും ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ലെന്നും ആരോപിച്ചു. ഏതെങ്കിലും ശുപാർശയ്ക്ക് വേണ്ടി ആയിരുന്നില്ല വിളിച്ചത്. എന്നാൽ തിരിച്ച് വിളിക്കുക പോലും ചെയ്തില്ല എന്നും വിനോദിനി പറഞ്ഞു. ആ നേതാവ് പിണറായി വിജയൻ അല്ലെന്നും വിനോദിനി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു. നാല് വർഷത്തിനിടയിൽ പാർട്ടി നേതാക്കൾ കുടുംബത്തിന്റെ സൗഖ്യം പോലും അന്വേഷിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.
വിഷയത്തിൽ പ്രതികരണവുമായി വിവിധ നേതാക്കൾ രംഗത്തെത്തി. താൻ ആരെയും അവഗണിക്കാറില്ലെന്നും പരാതി അവരോട് തന്നെ ചോദിക്കണം എന്നായിരുന്നു എം വി ജയരാജൻ്റെ മറുപടി. പരാതി പാർട്ടിക്ക് മുന്നിൽ വന്നിട്ടില്ലെന്നും വന്നാൽ പരിശോധിക്കുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. വിനോദിനി ബാലകൃഷ്ണൻ ഉയർത്തിയ ആരോപണം സിപിഐഎം രാഷ്ട്രീയ കേന്ദ്രങ്ങളെ വരും ദിവസങ്ങളിലും ഉലയ്ക്കും എന്നുറപ്പാണ്.
