ലഹരിമാഫിയകൾക്കെതിരായ നടപടി ശക്തമാക്കി കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ ദി നാർകോ ഹണ്ട്. ജൂൺ 2ന് ആരംഭിച്ച പ്രത്യേക ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനകളിൽ ഇന്നലെ വരെ 340 കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തു.
അതേസമയം, തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 1200 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കൊല്ലം കൊട്ടിയം സ്വദേശി പ്രവീൺ ആണ് സംഭവത്തിൽ അറസ്റ്റിലായത്.തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും കഴക്കൂട്ടം പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ദേശീയപാത വഴി നഗരത്തിലേക്ക് എത്തിയ വാഹനത്തെ പിന്തുടർന്ന് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് കാറിനുള്ളിലും ഡിക്കിയിലുമായി സൂക്ഷിച്ചിരുന്ന 26 ചാക്കുകളിലെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനാണ് പുകയില ഉത്പന്നങ്ങൾ കൊണ്ടുവന്നത്. പ്രതി കൊട്ടിയം സ്വദേശി പ്രവീണിനെ കഴക്കൂട്ടം പോലീസിന് കൈമാറി. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ജൂൺ രണ്ടിന് ആരംഭിച്ച ഓപ്പറേഷന്റെ ഭാഗമായി വൻ തോതിലുള്ള ലഹരി വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. ഇന്നലെ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം സംസ്ഥാനവ്യാപക പരിശോധനയിൽ 340 കേസുകളിലായി 368 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിനായി 84 പൊലീസ് സബ് ഡിവിഷനുകളിലായി നാല് വീതം സ്പെഷ്യൽ സ്ക്വാഡുകളെ ഇതിനകം നിയോഗിച്ചിട്ടുണ്ട്.
