കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ ചികിത്സ തേടിയ വാണിമേൽ സ്വദേശി റീജിത്താണ് ചികിത്സയിലിരിക്കെ മരിച്ചത്. എന്നാൽ ഗുരുതരാവസ്ഥയിലാണ് റീജിത്ത് ചികിത്സ തേടിയതെന്നും ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് മെഡിക്കൽ കോളജ് ആശുപത്രിയുടെ വിശദീകരണം.
കൂലിപ്പണിയെടുത്ത് കുടുംബം പുലർത്തുകയായിരുന്നു വാണിമേൽ സ്വദേശി റീജിത്ത്. ഇടത് ഭാഗത്തെ വൃക്കയിൽ കണ്ടെത്തിയ കല്ലുകൾ നീക്കം ചെയ്യാനാണ് 10 മാസം മുൻപ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. യൂറോളജി വിഭാഗം മേധാവി വേണുഗോപാലിന് കീഴിലായിരുന്നു ചികിത്സ. ആഗസ്റ്റ് 6ന് ശസ്ത്രക്രിയ നടന്നു. എന്നാൽ ഇടതുഭാഗത്തെ കല്ല് നീക്കാൻ ശസ്ത്രക്രിയ ചെയ്തത് വലതുഭാഗത്ത്. ഈ മുറിവിൽ പിന്നീട് പഴുപ്പ് ബാധിച്ചു.
പിന്നീട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ. ചെലവ് താങ്ങാൻ കഴിയാതായപ്പോൾ വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ. വീട്ടിൽ പോയി കാണേണ്ടത് പോലെ കാണാഞ്ഞത് കൊണ്ടാണോ അശ്രദ്ധയെന്ന സംശയത്തിൽ യൂറോളജി വിഭാഗം മേധാവി വേണുഗോപാലിനെ വീട്ടിൽ പോയി കണ്ടു. പിന്നീട് പലതവണ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഒടുവിൽ കഴിഞ്ഞ മാസം അണുബാധ ശരീരമാകെ പടർന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ ഐസിയുവിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ റീജിത്തിന്റെ മരണം സ്ഥിരീകരിച്ചു. എന്നാൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് മെഡിക്കൽ കോളജ് ആശുപത്രി.
രണ്ട് വൃക്കയിലും കല്ലുകൾ നിറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗിയെന്നും മുൻപും റീജിത്ത് വൃക്കയിലെ സർജറിക്ക് വിധേയനായിട്ടുണ്ടെന്നും യൂറോളജി വിഭാഗം പ്രൊഫസർ മണികണ്ഠൻ പറഞ്ഞു. ചികിത്സാരേഖകൾ വിദഗ്ധർ പരിശോധിക്കട്ടെയെന്നും വീഴ്ചയുണ്ടെങ്കിൽ നടപടി എടുക്കാമെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഇൻ ചാർജ് ഡോ. സുനിൽ കുമാർ വ്യക്തമാക്കി. എന്നാൽ ചികിത്സ പിഴവുണ്ടായെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് റീജിത്തിന്റെ ബന്ധുക്കൾ. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടങ്ങി.
