ബിഹാറിലെ മുസാഫർപൂരിൽ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് രോഗികൾ മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് ലക്ഷ്മി ചൗക്കിലെ പ്രസാദ് ആശുപത്രിയിൽ അപകടമുണ്ടായത്.ആശുപത്രിയിലെ ഐസിയു വിഭാഗത്തിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചതെന്നാണ് പ്രാഥമിക വിവരം. പിന്നാലെ കെട്ടിടത്തിലെ വിവിധ നിലകളിലേക്ക് തീയും കനത്ത പുകയും അതിവേഗം പടർന്നു. ഐസിയുവിനകത്തും മറ്റ് വാർഡുകളിലും പുക നിറഞ്ഞത് രോഗികളുടെ രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചു.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അഗ്നിശമന സേനയുടെ 12 യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. ഇതിനിടെ ആശുപത്രിയിലുണ്ടായിരുന്ന 20ഓളം പേരെ സുരക്ഷിതമായി പുറത്തേക്ക് മാറ്റി.എന്നാൽ മൂന്നു രോഗികൾ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. മരണസംഖ്യ ഉയർന്നേക്കാമെന്ന ആശങ്കയും നിലനിൽക്കുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.അഞ്ചാം നിലയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നതാണ് പ്രാഥമിക നിഗമനം. എങ്കിലും തീയുടെ യഥാർത്ഥ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം തുടരുകയാണ്.ജില്ലാ മജിസ്‌ട്രേറ്റും സീനിയർ പൊലീസ് സൂപ്രണ്ടും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമനസേന അറിയിച്ചു.
