വാഹന പ്രേമികളും യുവാക്കളും ഏറെ നാളായി കാത്തിരുന്ന വാഹന മോഡിഫിക്കേഷന് സംബന്ധിച്ച നിര്‍ണായക റിപ്പോര്‍ട്ട് മോട്ടോര്‍ വാഹന വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചു. നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പരിഗണിച്ച് 18 തരത്തിലുള്ള മോഡിഫിക്കേഷനുകള്‍ പ്രത്യേക അനുമതിയില്ലാതെ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ.തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് നല്കിയ വാഹന മോഡിഫിക്കേഷന് സംബന്ധിച്ച വാഗ്ദാനത്തിന്റെ ആദ്യഘട്ട നടപടിയായാണ് ഈ റിപ്പോര്‍ട്ടിനെ വിലയിരുത്തുന്നത്. വാഹനങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ അനുവദിക്കാമെന്നതില്‍ വ്യക്തമായ മാര്‍ഗരേഖ തയ്യാറാക്കിയാണ് മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട് വന്നിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം, വാഹനങ്ങളില്‍ സ്റ്റിക്കറുകളും ഡിസൈനുകളും ചിത്രങ്ങളും പതിക്കാം. എന്നാല്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുയോജ്യവും മാന്യവുമായ ചിത്രങ്ങളായിരിക്കണം. വാഹനത്തിനുള്ളില്‍ വിവിധ നിറങ്ങളിലുള്ള ലൈറ്റുകള്‍, സ്പീക്കറുകള്‍, സീറ്റ് കവറുകള്‍, ഫ്ളോര്‍ മാറ്റുകള്‍, സ്റ്റിയറിങ് വീല്‍ കവറുകള്‍, ഡാഷ് ക്യാമറകള്‍, റിവേഴ്സ് ക്യാമറകള്‍, പാര്‍ക്കിങ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കറുകള്‍, റൂഫ് കാരിയറുകള്‍ എന്നിവയും അനുമതിയില്ലാതെ ഘടിപ്പിക്കാനാകും.വാഹനങ്ങളില്‍ 50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സണ്‍ഫിലിമുകള്‍ അനുവദിക്കണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. വാഹനത്തിന്റെ സുരക്ഷയെയും യാത്രക്കാരുടെ സ്വകാര്യതയെയും പരിഗണിച്ചാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
അതേസമയം, വാഹനത്തിന്റെ നിറം മാറ്റുക, എന്ജിന് മാറ്റുക, ബോഡിയുടെ രൂപത്തില്‍ മാറ്റം വരുത്തുക, പെട്രോള്‍ അല്ലെങ്കില്‍ ഡീസല്‍ വാഹനങ്ങളെ ഇലക്ട്രിക് അല്ലെങ്കില്‍ സിഎന്‍ജി സംവിധാനത്തിലേക്ക് മാറ്റുക തുടങ്ങിയ പ്രധാന ഘടനാപരമായ മാറ്റങ്ങള്‍ക്ക് പ്രത്യേക അനുമതി നിര്‍ബന്ധമാകും. ഇതിനായി നിശ്ചിത ഫീസ് അടച്ച് ആര്.ടി.ഒ ഓഫീസില്‍ നിന്ന് അനുമതി വാങ്ങുകയും മാറ്റങ്ങള്‍ ആര്.സി ബുക്കില്‍ രേഖപ്പെടുത്തുകയും വേണം.റിപ്പോര്‍ട്ട് ഇപ്പോള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രിയും അന്തിമ തീരുമാനം എടുത്ത ശേഷമാകും പുതിയ മോഡിഫിക്കേഷന് മാനദണ്ഡങ്ങള്‍ നിലവില്‍ വരിക.
