സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പുറത്തിറക്കിയ ധവളപത്രത്തിൽ കിഫ്ബിക്ക് പിന്നാലെ ഏറ്റവും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നത് കെഎസ്ആർടിസി, കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി എന്നിവയാണെന്ന് വിലയിരുത്തൽ. ഈ സ്ഥാപനങ്ങളുടെ പ്രവർത്തന നഷ്ടവും കടബാധ്യതയും നികത്തുന്നതിനായി സർക്കാർ പ്രതിവർഷം വലിയ തോതിൽ സബ്സിഡിയും ഗ്രാന്റുകളും അനുവദിക്കേണ്ടിവരുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും പ്രവർത്തനച്ചെലവുകൾക്കുമായി ബജറ്റിൽ നിന്ന് വൻതുക ചെലവഴിക്കേണ്ട സാഹചര്യം സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിരതയെ ബാധിക്കുന്നുവെന്നാണ് ധവളപത്രത്തിലെ നിരീക്ഷണം. 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 78,851 കോടി രൂപയിലെത്തിയതായും രേഖയിൽ വ്യക്തമാക്കുന്നു.ഇതിനൊപ്പം, കൊച്ചി മെട്രോ പ്രതിമാസം ഏകദേശം 35 കോടി രൂപയുടെ നഷ്ടം നേരിടുന്നതായും ധവളപത്രം ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാമ്പത്തിക ഘടനയിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം കുറയ്ക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി നിരവധി നിർദേശങ്ങളാണ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നത്.
കെഎസ്ആർടിസി, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങൾക്ക് നൽകുന്ന ഉൽപ്പാദന അധിഷ്ഠിത സബ്സിഡി സംവിധാനത്തിന് പകരം അർഹരായ ഉപഭോക്താക്കൾക്ക് നേരിട്ട് ആനുകൂല്യം നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ മാതൃക പരിഗണിക്കണമെന്ന് ധവളപത്രം ശുപാർശ ചെയ്യുന്നു. ഇതിലൂടെ സർക്കാർ ചെലവിൽ കൂടുതൽ നിയന്ത്രണം സാധ്യമാകുമെന്നാണ് വിലയിരുത്തൽ.കിഫ്ബിയുടെ വായ്പാ പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഭാവിയിൽ കിഫ്ബിയെ പൂർണമായും ബജറ്റ് നിയന്ത്രണത്തിലേക്ക് കൊണ്ടുവരണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. അതേസമയം, ബെവ്കോയും സപ്ലൈകോയും ലയിപ്പിച്ച് ഒറ്റ കോർപറേഷനാക്കുന്നതിലൂടെ ഭരണച്ചെലവും നികുതി ബാധ്യതയും കുറയ്ക്കാനാകുമെന്ന നിർദേശവും ധവളപത്രത്തിലുണ്ട്.
സംസ്ഥാനത്തിന്റെ ദീർഘകാല സാമ്പത്തിക ബാധ്യത കുറയ്ക്കാൻ വിരമിക്കൽ പ്രായം വർധിപ്പിക്കുന്നതും ശമ്പള പരിഷ്കാരങ്ങൾ 10 വർഷത്തിലൊരിക്കൽ മാത്രം നടപ്പാക്കുന്നതും പരിഗണിക്കാമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി പ്രവർത്തനക്ഷമത വർധിപ്പിക്കണമെന്നും ധവളപത്രം ശുപാർശ ചെയ്യുന്നു. എന്നാൽ സ്വകാര്യ പങ്കാളിത്തം ഉൾപ്പെടെയുള്ള നിർദേശങ്ങളിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ധവളപത്രം മുന്നോട്ടുവച്ച നിർദേശങ്ങൾ നയപരമായ വിഷയങ്ങളാണെന്നും വിവിധ തലങ്ങളിൽ ചർച്ച ചെയ്ത ശേഷമായിരിക്കും സർക്കാർ നിലപാട് രൂപീകരിക്കുകയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
