ചേവായൂർ സ്വദേശിയായ 16 വയസ്സുകാരി അയ മെഹ്റയെ കാണാതായിട്ട് 18 ദിവസം പിന്നിട്ടു. പെൺകുട്ടിയെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കഴിഞ്ഞ മാസം 15-നാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്.പൊലീസ് അന്വേഷണത്തിൽ, കോഴിക്കോട് സ്വദേശികളായ വസിം, ആത്മജു എന്നിവരാണ് കുട്ടിയെ കൊണ്ടുപോയതെന്ന് കണ്ടെത്തിയിരുന്നു. ഇരുവരും ആലുവയിൽ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയതായി അറിയുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് പരിചയം ഉണ്ടായതെന്നും പെൺകുട്ടി പറഞ്ഞതനുസരിച്ചാണ് കൂട്ടിക്കൊണ്ടുപോയതെന്നും ഇരുവരും മൊഴി നൽകിയതായി പൊലീസ് വ്യക്തമാക്കി. പ്രായപൂർത്തിയായ 19 വയസാണെന്ന് പെൺകുട്ടി പറഞ്ഞതായും അന്വേഷണത്തിൽ വ്യക്തമായി.
പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസായതിനാൽ ഗുരുതര വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ഇരുവരും പെൺകുട്ടിയെ തിരിച്ചയച്ചതായി വിവരം ലഭിച്ചു. തുടർന്ന് തൃശൂരിൽ ബസിൽ എത്തിയ പെൺകുട്ടി പിന്നീട് എങ്ങോട്ട് പോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.തൃശൂരിലെ ഒരു മൊബൈൽ കടയിൽ ഫോൺ ചാർജ് ചെയ്ത് സുഹൃത്തുക്കളെ വിളിച്ച് പണം ആവശ്യപ്പെട്ടതായി സൂചനയുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പിന്നീട് കുട്ടിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല.150 സെ.മീ ഉയരം, മെലിഞ്ഞ ശരീരം, വെളുത്ത നിറം, മൂക്കിൽ കറുത്ത മറുക് എന്നിവയാണ് തിരിച്ചറിയൽ അടയാളങ്ങൾ. വിവരമുള്ളവർ ചേവായൂർ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
