തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. നാലാഞ്ചിറയിൽ വാടകയ്ക്ക് താമസിക്കുന്ന മണ്ണന്തല സ്വദേശിനി ഹസീന ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേഷ് കാറിൽ രക്ഷപ്പെട്ടു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അതിക്രൂര കൊലപാതകം നടന്നത്. നാല് മാസമായി സുരേഷും ഹസീനയും നാല് മക്കളും നാലാഞ്ചിറയിലെ വാടകവീട്ടിലായിരുന്നു താമസം. പുലർച്ചെ 5.30യോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. അതിന് പിന്നാലെ കിടപ്പുമുറിയിൽ വച്ച് സുരേഷ് കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ഹസീനയുടെ കഴുത്തറുക്കുകയായിരുന്നു. കൊലക്ക് ഉപയോഗിച്ച കത്തി കഴുകി വെച്ചതിന് ശേഷമാണ് സുരേഷ് കാറിൽ കയറി രക്ഷപ്പെട്ടത്. മക്കളുടെ മുന്നിൽവെച്ചായിരുന്നു കൊലപാതകം. മൂത്ത മകൾ അറിയിച്ചത് പ്രകാരം മണ്ണന്തല പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഹസീനയ്ക്ക് ജീവൻ ഉണ്ടായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്ന വഴിയാണ് ഹസീന മരിച്ചത്.
കുറച്ചുകാലമായി ഹസീനയും സുരേഷും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. വഴക്ക് കടുത്തതോടെ തിങ്കളാഴ്ച ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി സംസാരിച്ചിരുന്നു. കൊലപാതകത്തിന്റെ പിന്നാലെ ഒളിവിൽ പോയ സുരേഷിനെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
