മന്ത്രി സണ്ണി ജോസഫിനെതിരെ ബന്ധു നിയമനാരോപണം ഉന്നയിച്ച് നിയമസഭയിൽ പ്രതിപക്ഷം രംഗത്തെത്തി. സർക്കാർ ജീവനക്കാരുടെ അനധികൃത സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള ചർച്ചയ്ക്കിടെയാണ് വിഷയം സഭയിൽ ഉയർന്നത്.ഒരു മന്ത്രി സ്വന്തം അളിയനെ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ചു എന്നാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് വി ജോയ് എംഎൽഎ പറഞ്ഞത്. മുഖ്യമന്ത്രി ഇല്ലാത്തതിനാൽ മറുപടി പറയാൻ നിയോഗിക്കപ്പെട്ട മന്ത്രി സണ്ണി ജോസഫ് ആകട്ടെ ഇക്കാര്യം കേട്ടതായി പോലും ഭാവിച്ചില്ല. ബാക്കി എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയപ്പോഴും ബന്ധു നിയമന കാര്യത്തിൽ മന്ത്രി മൗനം പാലിച്ചു.
സഹോദരി ഭർത്താവും കോൺഗ്രസ് നേതാവുമായ കണ്ണൂർ ഉളിക്കൽ സ്വദേശിയായ ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചുവെന്നാണ് ആരോപണം. നിലവിൽ കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫ്, പാർട്ടിയുടെ സംഘടനാ ചുമതലയും മന്ത്രിസ്ഥാനവും ഒരുമിച്ച് വഹിക്കുന്ന സാഹചര്യത്തിലാണ് നിയമനം കൂടുതൽ വിവാദമായത്.ഇതിനെതിരെ പ്രതിപക്ഷവും കോൺഗ്രസിനുള്ളിൽ ഒരു വിഭാഗവും രംഗത്തെത്തിയെങ്കിലും ഇതുവരെയും മാറ്റമില്ല.എന്നാൽ ബെന്നി തോമസ് കോൺഗ്രസ് പ്രവർത്തകനാണെന്നും നിയമനത്തിൽ അസ്വാഭാവികതയില്ലെന്നുമാണ് വിശദീകരണം. നിയമനം ശരിയോ തെറ്റോ എന്ന് മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.രാഷ്ട്രീയ വിവാദമായി മാറിയിരിക്കുന്ന ഈ വിഷയത്തിൽ സർക്കാർ കൂടുതൽ വിശദീകരണം നൽകുമോ എന്നതാണ് ഇനി ശ്രദ്ധേയമാകുന്നത്. വരും ദിവസങ്ങളിൽ ബന്ധു നിയമന വിവാദം കൂടുതൽ ശക്തമാകാനും സഭയ്ക്കകത്തും പുറത്തും ചർച്ചയാകാനും സാധ്യതയുണ്ട്.
